സിഐയ്ക്കെതിരെ നടപടി ഉടൻ? റിപ്പോർട്ട് തേടി ഡിജിപി

നിയമവിദ്യാർത്ഥിയുടെ ആത്മഹത്യയിൽ ആലുവ സി.ഐ സുധീറിനെതിരെ നടപടിയെടുക്കാതെ സർക്കാർ. വകുപ്പ്തല അന്വേഷണം പൂർത്തിയായിട്ടും സി.ഐ ആലുവ സ്റ്റേഷനിൽ തുടരുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച്  വൈകുന്നേരത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ എറണാകുളം റേഞ്ച് ഐ.ജിക്ക് ‍ഡിജിപി നിര്‍ദേശം നല്‍കി. അതേസമയം ഗാർഹിക പീഡനക്കേസിൽ യുവതിയുടെ ഭർത്താവിനെയും മാതാപിതാക്കളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു

ആലുവ സി.ഐക്കെതിരെ നടപടി വേണമെന്ന് ആത്മഹത്യാ കുറിപ്പിൽ എഴുതിവച്ചാണ് നിയമ വിദ്യാർത്ഥിനിയായ മോഫിയ പർവീൺ ജീവനൊടുക്കിയത്. സി.ഐ. അപനാമിച്ചെന്നും കേസെടുത്തില്ലെന്നും കുടുംബം വെളിപ്പെടുത്തിയിട്ടും അതേ സി.ഐ ഇപ്പോഴും ആലുവ പൊലീസ് സ്റ്റേഷനിൽ തുടരുകയാണ് പൊലീസ് വീഴ്ചയിൽ ആലുവ ഡിവൈഎസ്പി റിപ്പോർട്ട്‌ നൽകിയിട്ടും പൊലീസ് ആസ്ഥാനത്തു നിന്നുള്ള ഉത്തരവിനായി കാത്തിരിക്കുകയാണ് ഉദ്യോഗസ്ഥർ.  ഡി.ഐ.ജി നീരജ് കുമാർ ഗുപ്തയുടെ നേതൃത്വത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ആലുവ പൊലീസ് സ്റ്റേഷനിൽ എത്തി. അതേ സമയം ഗാർഹിക പീഡന പരാതിയിൽ മോഫിയ പർവീന്റെ ഭർത്താവ് മുഹമ്മദ്‌ സുഹൈലിനെയും മാതാപിതാക്കളെയും കസ്റ്റഡിയിൽ എടുത്തു. കോതമംഗലം ഉപ്പുകണ്ടത്തെ ബന്ധുവീട്ടിൽ നിന്നാണ്  കസ്റ്റഡിയിൽ എടുത്തത്. ഗാർഹിക പീഡനത്തിന് പുറമെ ആത്മഹത്യ പ്രേരണ കുറ്റവും ചുമത്തി വൈകിട്ടോടെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും.