പെരിയാറിൽ കെട്ടിത്താഴ്ത്തിയ യുവതി ആര്? ദുരൂഹത ഒളിപ്പിച്ച് ആ വെളുത്ത പോളോ കാർ

യുവതിയെ കൊലപ്പെടുത്തി പുതപ്പിൽ പൊതിഞ്ഞു കല്ലുകെട്ടി പുഴയിൽ താഴ്ത്തിയ സംഭവത്തിൽ പ്രതികളിലേക്ക് എത്താവുന്ന സൂചനകൾ ലഭിച്ചെങ്കിലും കൊല്ലപ്പെട്ടയാളെ തിരിച്ചറിയാൻ കഴിയാതെ ഇരുട്ടിൽ തപ്പി പൊലീസ്. അന്വേഷണം പുരോഗമിക്കുന്നതിനിടെ നെടുമ്പാശേരിക്കടുത്തുണ്ടായ മോഷണത്തിലേക്ക് ഉദ്യോഗസ്ഥരുടെ ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധ മാറിയതും പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും അന്വേഷണത്തെ കാര്യമായി ബാധിക്കുകയും ചെയ്തു. മരിച്ച യുവതിയെ കണ്ടെത്താനോ പ്രതികളെക്കുറിച്ചോ പുതിയ സൂചനകളിലേക്കു നയിക്കുന്ന വിവരങ്ങളോ പൊലീസിനു ലഭിച്ചിട്ടില്ലെന്നതും അന്വേഷണത്തെ ബാധിക്കുന്നുണ്ട്.

സൂചന ലഭിച്ചില്ല. കൊല നടന്നതു കാക്കനാട് ഭാഗത്തും ജഡം ഒഴുക്കിയത് ആലുവ മംഗലപ്പുഴ പുതിയ പാലത്തിലുമാണെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹത്തിൽ കെട്ടിത്തൂക്കിയ കോൺക്രീറ്റിന്റെ അംശമുള്ള കരിങ്കല്ല് പഴയ കെട്ടിടം പൊളിച്ച സ്ഥലത്തു നിന്നു മാർഗമധ്യേ ശേഖരിച്ചതാവാം.മൃതദേഹം പുഴയിൽ ഒഴുക്കുന്നതിന് പുതപ്പു വാങ്ങിയ രണ്ടു പേരെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിനു ലഭിച്ചു എന്നു പറയുമ്പോഴും കൃത്യമായ സൂചന ലഭിച്ചിട്ടില്ല എന്നത് വിലങ്ങു തടിയാണ്.

പുതപ്പു വാങ്ങാൻ സ്ത്രീയും പുരുഷനും യാത്ര ചെയ്ത വാഹനം വെളുത്ത പോളോ കാർ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം വെളുത്ത പോളോ കാർ ഉപയോഗിക്കുന്നവർ കുറവാണെന്നും ഇത് അന്വേഷണം കുറെക്കൂടി സുഗമമാക്കും എന്നുമുള്ള പ്രതീക്ഷയിലാണ് പൊലീസ്. സംസ്ഥാനത്ത് വെളുത്ത പോളോ കാർ ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുത്തു വരുന്ന പശ്ചാത്തലത്തിൽ അന്വേഷണ ചുമതലയുള്ള സിഐക്ക് സ്ഥലം മാറ്റമാണ്. മാത്രമല്ല, സംഘത്തിലെ ഒരു എസ്ഐ ഒഴികെയുള്ളവരെയും വിവിധ ചുമതലകളിലേക്കു മാറ്റിയതും അന്വേഷണത്തെ പിന്നോട്ടു വലിച്ചിട്ടുണ്ട്.

രക്തക്കറയും മറ്റും പറ്റിയിരിക്കാൻ ഇടയുണ്ട് എന്ന കണക്കു കൂട്ടലിൽ അടുത്ത ദിവസങ്ങളിൽ വെളുത്ത പോളോ കാർ കഴുകുന്നതിനായി സർവീസ് സെന്ററുകളെ സമീപിച്ചിട്ടുള്ളവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. സ്ഥലത്തുള്ള സിസിടിവി ദൃശ്യങ്ങളെല്ലാം ഇതിനകം പൊലീസ് പരിശോധിച്ചു കഴിഞ്ഞിട്ടുണ്ട്. സ്ഥലത്തെ ടെലിഫോൺ‍ ടവറുകൾക്കു കീഴിൽ രാത്രിയിലും സജീവമായിരുന്ന മൊബൈൽ നമ്പരുകളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു.

മരിച്ച യുവതിക്ക് ആധാർ കാർഡുണ്ടെങ്കിൽ അന്വേഷണം സുഗമാക്കുമെന്ന പ്രതീക്ഷയാണ് ഇപ്പോൾ പൊലീസിനുള്ളത്. യുവതിയുടെ വിരലടയാളം പകർത്താൻ ഫോറൻസിക് വിദഗ്ധർക്ക് സാധിച്ചിട്ടുണ്ടെന്നാണ് വിവരം. അങ്ങനെയാണെങ്കിൽ ആധാർ ഡാറ്റാബേസിൽ നിന്നു പൊലീസിനു ആരാണ് മരിച്ചതെന്ന വിവരം കണ്ടെത്താനാകും എന്നും വിലയിരുത്തുന്നു. കീഴ്താടിയിൽ മറുകുള്ള യുവതിയാണ് മരിച്ചിട്ടുള്ളത്. ഈ വിവരം പുറത്തു വിട്ടിട്ടും കാര്യമായ വിവരമൊന്നും പൊലീസിനു ലഭിച്ചിട്ടില്ല.

മൃതദേഹം പുഴയിൽ ഒഴുക്കിയവർക്ക് സ്ഥലത്തെ കുറിച്ച് മുൻധാരണയുണ്ടെന്നാണ് പൊലീസിന്റെ വ്യക്തമായ നിഗമനം മംഗലപ്പുഴ പാലത്തിനടിയിലെ റോഡിലൂടെ കാറിൽ കൊണ്ടുവന്ന് മൃതദേഹം കെട്ടിത്താഴ്ത്തിയതാകാനുള്ള സാധ്യതയും പൊലീസ് പരിഗണിക്കുന്നുണ്ട്. പാലത്തിലൂടെ പോകുമ്പോൾ മംഗലപ്പുഴപ്പാലത്തിന്റെ അടിയിലെ റോഡിനെക്കുറിച്ച് മനസിലാക്കാനാവില്ല. എന്നാൽ പാലത്തിനടിയിലുള്ള ധാബയിൽ ഒരു തവണയെങ്കിലും ഭക്ഷണം കഴിക്കാൻ എത്തിയിട്ടുള്ളവർക്ക് ഈ വഴി തിരിച്ചറിയാൻ സാധിച്ചിട്ടുണ്ടാകും. അങ്ങനെയാണെങ്കിൽ സ്ഥലപരിചയമുള്ളവർ ആയിരിക്കാം പ്രതിസ്ഥാനത്തുള്ളവർ എന്നും വിലയിരുത്തുന്നുണ്ട്.

അതേസമയം മൃതദേഹം കണ്ടെത്തി ഇത്ര ദിവസമായിട്ടും മിസിങ് കേസുകൾ റിപ്പോർട്ട് ചെയ്യാത്തത് പൊലീസിനെ ആശങ്കയിലാക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തി ജോലി ചെയ്യുന്നവരിലേക്കും ഐടി മേഖലകളിൽ ജോലി ചെയ്യുന്നവരിലേക്കും അന്വേഷണം നീട്ടിയിട്ടും ഇതുവരെ വിവരങ്ങളൊന്നും പൊലീസിനു ലഭിച്ചിട്ടില്ല. സ്വന്തം വീടുകളിൽ ആക്രമിക്കപ്പെട്ട സംഭവം ആകാനും സാധ്യതയുണ്ടെന്നാണ് പൊലീസ് വിലയിരുത്തുന്നത്. അങ്ങനെയാണെങ്കിൽ വിവരം പുറത്തു വരുന്നതിനോ പരാതിക്കാരുണ്ടാകാനോ ഇനിയും സമയം എടുത്തേക്കാം എന്നാണ് പൊലീസ് പറയുന്നത്.

കൊല നടന്നതു കാക്കനാട് ഭാഗത്തും ജഡം ഒഴുക്കിയത് ആലുവ മംഗലപ്പുഴ പുതിയ പാലത്തിലുമാണെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹത്തിൽ കെട്ടിത്തൂക്കിയ കോൺക്രീറ്റിന്റെ അംശമുള്ള കരിങ്കല്ല് പഴയ കെട്ടിടം പൊളിച്ച സ്ഥലത്തു നിന്നു മാർഗമധ്യേ ശേഖരിച്ചതാവാം.7നു രാത്രി കളമശേരി എച്ച്എംടി കവലയിലെ കടയിൽ നിന്നു പുതപ്പു വാങ്ങിയ സ്ത്രീയും പുരുഷനും സഞ്ചരിച്ച വാഹനത്തിന്റെ പിന്നീടുള്ള യാത്രാവഴി തേടി, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഫലപ്രദമായില്ല. റോഡിലെ ക്യാമറകളിൽ പലതും വെള്ളപ്പൊക്കത്തിൽ കേടായതാണ് കാരണം. മൃതദേഹം എങ്ങനെ നശിപ്പിക്കണമെന്നു തീരുമാനമെടുത്താണ് പ്രതികൾ പുറപ്പെട്ടതെന്ന കാര്യം പൊലീസ് ഉറപ്പിച്ചു. ഒരു വർഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കാണാതായ സ്ത്രീകളുടെ പട്ടിക ശേഖരിച്ചെങ്കിലും മൃതദേഹത്തിന്റെ ബാഹ്യലക്ഷണങ്ങളുമായി പൊരുത്തപ്പെടുന്നവ ശ്രദ്ധയിൽപെട്ടില്ല.

കൊല യാദൃച്ഛികമായി സംഭവിച്ചതാണെന്ന സൂചനയാണ് ഇതു നൽകുന്നതെന്നു പൊലീസ് കരുതുന്നു യുവതിയുടെ ഇരുകമ്മലുകളും ഊരിയെടുത്തിരുന്നു. തെളിവുകൾ ഒന്നും അവശേഷിക്കരുതെന്ന ഉദ്ദേശ്യത്തോടെയാവാം ഇതു ചെയ്തത്. ചൊവ്വാഴ്ച രാത്രി പെരിയാറില്‍ മൃതദേഹം പൊങ്ങിയപ്പോള്‍ തന്നെ കൊലപാതകമെന്ന നിഗമനത്തില്‍ എത്താന്‍ ആദ്യ കാരണം പൊതിഞ്ഞുകെട്ടിയി‍രുന്ന  തുണിയാണ്. ഇത് തന്നെ ഇപ്പോള്‍ അന്വേഷണത്തില്‍ പ്രധാന വഴിത്തിരിവാകുന്നത്.പുതപ്പ് വിറ്റ കട കണ്ടെത്തിയ ‍പൊലീസ്  ഉടമയുടെ മൊഴിയെടുത്തു. വ്യാഴാഴ്ച രാത്രി കാറിലെത്തിയ മലയാളികളായ സ്ത്രീയും പുരുഷനുമാണ് പുതപ്പ് വാങ്ങിയതെന്നും, ഇവരെ കണ്ടാല്‍ തിരിച്ചറിയാമെന്നും കടയുടമ മൊഴി നൽകുകയും ചെയ്തിരുന്നു.