മരണം 29; മഴക്കെടുതികള്‍ ശമനമില്ലാതെ തുടരുന്നു

സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞെങ്കിലും മഴക്കെടുതികള്‍ക്ക് ശമനമില്ല. ഇന്ന് നാലു ജീവനുകള്‍കൂടി നഷ്ടപ്പെട്ടു. ഇതോടെ ഇന്നലെയും ഇന്നുമായി മരിച്ചവരുടെ എണ്ണം 29 ആയി. മഴക്കെടുതി രൂക്ഷമായ കോഴിക്കോടും വയനാട്ടും രക്ഷാപ്രവര്‍ത്തനം തുടരുന്നു.   

നിലമ്പൂര്‍ എരുമമുണ്ടയ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ഇന്നലെ കാണാതായ ഗൃഹനാഥന്‍ സുബ്രഹ്മണ്യന്‍റെ മൃതദേഹം കണ്ടെത്തി. മണ്ണിടിച്ചിലില്‍ കാണാതായ ഇടുക്കി  കമ്പിളിക്കണ്ടം ജിനവിന്റെ മൃതദേഹവും ലഭിച്ചു. വെഞ്ഞാറമൂടില്‍ വെള്ളം കോരുന്നതിനിടെ കിണര്‍ ഇടിഞ്ഞ് സുരേഷ്  മരിച്ചു. തോട്ടിൽ വീണു ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നഹരിപ്പാട് താമല്ലാക്കൽ ഇലഞ്ഞിമൂട്ടിൽ ഭാര്യ ചന്ദ്രികയും ഇന്നു മരിച്ചു. 

ഉരുൾപൊട്ടലുണ്ടായ കോഴിക്കോട് മട്ടിക്കുന്ന് മലയിൽ സൈന്യവും ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവർത്തനം തുടരുന്നു. ഗതി മാറി ഒഴുകിയ പുഴയുടെ ഒഴുക്ക് സാധാരണ ഗതിയിലാക്കുന്ന പ്രവർത്തനമാണ് നടക്കുന്നത്.   

വയനാട് വൈത്തിരിയില്‍ ഇരുനില കെട്ടിടം മണ്ണിനടിയിലേക്ക് താഴ്ന്നു. രണ്ടു വാഹനങ്ങളും മണ്ണിനടിയിലായെങ്കിലും ആളപായമില്ല. കോട്ടത്തറ ടൗണിലും പനമരം ടൗണിലും വെള്ളംകയറി. സുഗന്ധഗിരിയില്‍ ഉരുള്‍പൊട്ടലില്‍ അഞ്ചുവീടുകള്‍ തകര്‍ന്നു