അഭിമന്യു: സിപിഎമ്മിനെ ഉന്നമിട്ട് എംഎല്‍എയുടെ ഭാര്യ: വിവാദമായപ്പോള്‍ തലയൂരി

മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലയാളികൾക്കു ചില സിപിഎമ്മുകാരുടെ സംരക്ഷണം കിട്ടിയെന്ന സൂചനയുമായി ജോൺ ഫെർണാണ്ടസ് എംഎൽഎയുടെ ഭാര്യ എൻ.പി. ജെസി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് വിവാദത്തില്‍. വിവാദം ശക്തമായതോടെ കുറിപ്പ് പിൻവലിച്ച് ജെസി രംഗത്തെത്തി. ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗമാണു ജെസി ജോൺ ഫെർണാണ്ടസ്. നിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയും സിപിഎം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമാണ് ജോണ്‍ ഫെര്‍ണാണ്ടസ്.

‘അഭിമന്യുവിനെ കൊന്നവരെ സംരക്ഷിച്ചത് സി.പി.എം എന്ന വ്യാഖ്യാനം നടത്തി മുതലെടുപ്പ് വേണ്ട... മുതലെടുപ്പ് നടത്തുന്നവർ ഓർക്കുക... ഇങ്ക്വിലാബ് സിന്ദാബാദ്, സിപിഎം സിന്ദാബാദ് വർഗ്ഗീയത തുലയട്ടെ... എന്ന് ഒരിക്കൽ വിളിച്ചിട്ടുണ്ടെങ്കിൽ അത് ഇനിയും ഉറക്കെ തന്നെ വിളിക്കും...അത് കൊണ്ട് എന്റെ എഫ്ബി പോസ്റ്റ് സിപിഎമ്മിനെതിരെ പ്രചരണായുധമായി എസ്ഡിപിഐ സംഘം ഉപയോഗിക്കണ്ട..... ആ പോസ്റ്റ് ഞാൻ പിൻവലിക്കുന്നുവെന്ന് ജെസി ഫെയ്സ്ബുക്കിലൂടെ തന്നെ അറിയിച്ചു.

പശ്ചിമ കൊച്ചിയിൽ എസ്ഡിപിഐയെ സഹായിക്കുന്നതു മുഖ്യധാരാ രാഷ്ട്രീയക്കാരാണെന്നും എല്ലാ രാഷ്ട്രീയപാർട്ടികളിലും അവർ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും ജെസിയുടെ ആദ്യ പോസ്റ്റിൽ പറഞ്ഞിരുന്നു. ‘‘പകൽ ഇവർ സിപിഎമ്മും കോൺഗ്രസുമാണ്. രാത്രിയിൽ എസ്ഡിപിഐയും ആർഎസ്എസും. അഭിമന്യുവിനെ കൊന്നവർക്ക് എല്ലാ സംരക്ഷണവും ഒരുക്കിയത് ഇവരാണ്. തോപ്പുംപടിയിൽ വന്നിറങ്ങിയ അഭിമന്യുവിന്റെ കൊലയാളികൾക്ക് ആരുടെ സംരക്ഷണം കിട്ടിയെന്നു പാർട്ടി അന്വേഷിക്കണം. സത്യസന്ധമായ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കപ്പുറം ചില കൊടുക്കൽ വാങ്ങലുകൾ...’’– ഇതായിരുന്നു ജെസിയുടെ ആദ്യ പോസ്റ്റിന്റെ ഉള്ളടക്കം.