സദാചാര ഗുണ്ടായിസം രൂക്ഷം; പൊലീസും പ്രശ്നം; കോൺക്ലേവ് സര്‍വേ പറയുന്നത്

ജാതിയും മതവും സ്ത്രീപുരുഷഭേദവും സ്വാതന്ത്ര്യത്തിന് വിലങ്ങുതടിയാകുന്നുവെന്ന് കേരളത്തിന്‍റെ പാതിമനസ്. മനോരമന്യൂസ് കോണ്‍ക്ലേവ് ഫ്രീഡം സര്‍വേയിലാണ് ഈ അഭിപ്രായത്തിന് ഭൂരിപക്ഷം പേരും വോട്ട് നല്‍കിയത്. സദാചാര ഗുണ്ടായിസം കേരളത്തില്‍ രൂക്ഷമാണെന്നും പൊലീസ് പൗരസ്വാതന്ത്ര്യം ഹനിക്കുന്നുവെന്നും കേരളത്തില്‍ ഏറെപ്പേരും അഭിപ്രായപ്പെടുന്നു. തൊഴിലിടങ്ങളിലും പൊതുഇടങ്ങളിലും സ്ത്രീ സ്വാതന്ത്ര്യം പരിമിതമാണെന്നാണ് സര്‍വേയില്‍ പങ്കെടുത്തവരുടെ നിലപാട് .

സ്വാതന്ത്ര്യത്തിന്‍റെ വിശാല അര്‍ഥങ്ങള്‍ ചര്‍ച്ചയാകുന്ന മനോരമന്യൂസ് കോണ്‍ക്ലേവിന്‍റെ രണ്ടാം പതിപ്പിനോടനുബന്ധിച്ച്  സംഘടപ്പിച്ച സര്‍വേയുടെ ഫലം  മലയാളിയുടെ  സ്വാതന്ത്ര്യബോധത്തെ തുറന്നു കാട്ടുന്നു. 

കേരളത്തിലെ എല്ലാ ജില്ലകളിലും നടന്ന ഫീല്‍ഡ് സര്‍വേയുടെയും ഓണ്‍ലൈനായി നടന്ന സര്‍വേയുടെയും ഫലമാണ് പുറത്തുവിട്ടത്.

ജാതിയും മതവും, സ്ത്രീപുരുഷഭേദവും സ്വാതന്ത്ര്യത്തിന് വിലങ്ങുതടിയാണെന്നാണ് പകുതിപേരുടെയും നിലപാട്. രാഷ്ട്രീയം സ്വാതന്ത്ര്യത്തെ ഹനിക്കുന്നെന്ന് 34 ശതമാനവും ഭരണകൂടമാണ് പ്രതിയെന്ന് 32 ശതമാനവും അഭിപ്രായപ്പെട്ടു.

വിവാദങ്ങളുണ്ടായാലും ജുഡീഷ്യറി വിശ്വാസത്തിന്‍റെ പട്ടികയില്‍ മുന്നിലാണ്.  സ്വാതന്ത്ര്യം ഹനിക്കപ്പെടുമ്പോള്‍ജുഡീഷ്യറിയെ ആശ്രയമായി കരുതുന്നവര്‍54 ശതമാനം പേരുണ്ട്.

സര്‍വേയില്‍പങ്കെടുത്ത 75 ശതമാനം പേരും അവരോ അവരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ സദാചാര പൊലീസിങ്ങിന് ഇരയായെന്ന് വെളിപ്പെടുത്തി.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍സ്വാതന്ത്ര്യം കൂടുതലുണ്ടെന്നായിരുന്നു 68 ശതമാനം പേരും പ്രതികരിച്ചത്. 

വിശ്വാസമില്ലായ്മയുടെ കരിനിഴല്‍ പൊലീസിന് മുകളില്‍ ഇപ്പോഴുമുണ്ട്. പൊലീസ് പൗരസ്വാതന്ത്ര്യത്തെ ഹനിക്കുന്നെന്നാണ് 69 ശതമാനം മലയാളികളുടെയും നിലപാട്. 

ഭരണമാറ്റം ഒരു പരിധിവരെ സ്വാതന്ത്ര്യം കൂട്ടുമെന്ന് 41 ശതമാനം പേര്‍നിലപാടെടുത്തു.

സ്ത്രീകളുടെ സ്വാതന്ത്ര്യം പരിമിതപ്പെടുന്നു എന്ന ആശങ്കയും ഏറെപ്പേരും പങ്കുവച്ചു. സ്ത്രീകള്‍ക്ക് പൂര്‍ണസ്വാതന്ത്ര്യമുള്ളത് വീട്ടില്‍മാത്രമെന്നാണ് 51 ശതമാനം പേരുടെയും നിലപാട്. 

പൂര്‍ണസ്വാതന്ത്ര്യം തൊഴിലിടങ്ങളിലുണ്ടെന്ന് 22 ശതമാനവും പൊതുഇടങ്ങളിലുണ്ടെന്ന് 17 ശതമാനവും മാത്രമാണ് അഭിപ്രായപ്പെട്ടത്. 

സര്‍വേയില്‍പങ്കെടുത്ത 26 ശതമാനം പേരുടെ മതസ്വാതന്ത്ര്യം ഹനിക്കപ്പെട്ടിട്ടുണ്ട്. എണ്ണത്തില്‍കുറവെങ്കിലും 13 ശതമാനത്തിന് മതവിശ്വാസം മറച്ചുവയ്ക്കേണ്ടി വന്നിട്ടുണ്ട്. 

മാധ്യമങ്ങള്‍സ്വയംനിയന്ത്രിക്കണമെന്ന് 60 ശതമാനവും സമൂഹമാധ്യമങ്ങള്‍സ്വയംനിയന്ത്രിക്കണമെന്ന് 57 ശതമാനം പേരും പറയുമ്പോള്‍സര്‍ക്കാര്‍നിയന്ത്രണം വേണമെന്ന നിലപാട് ന്യൂനപക്ഷമാണ്.

കേരളത്തില്‍ബിസിനസ് തുടങ്ങുന്നതിനും നടത്തുന്നതിനും ഒരു പരിധിവരെയേ സ്വാതന്ത്ര്യമുള്ളു എന്നാണ് 50 ശതമാനം പേരുടെയും അഭിപ്രായം.

കലാകാരന്‍മാര്‍ക്കും എഴുത്തുകാര്‍ക്കും പൂര്‍ണ ആവിഷ്കാര സ്വാതന്ത്ര്യമുണ്ടെന്ന് 31 ശതമാനം പേരും ഒരു പരിധിവരെ സ്വാതന്ത്ര്യമുണ്ടെന്ന് 54 ശതമാനം പേരും കരുതുന്നു. 

സ്വാതന്ത്ര്യത്തിന് നിയന്ത്രണമാകുന്നതില്‍ തെറ്റില്ലെന്നാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം മലയാളികളും അഭിപ്രായപ്പെട്ടത് എന്നതും ശ്രദ്ധേയം.