‘ഗ്ലാസിലെ നുര..’യില്‍ 17 ലക്ഷം അംഗങ്ങള്‍; ഫെയ്സ്ബുക്ക് ഗ്രൂപ്പ് സര്‍ക്കാര്‍ നിരീക്ഷണത്തില്‍

സമൂഹമാധ്യമങ്ങളിൽ വന്‍ഹിറ്റാണ് ജിഎൻപിസി(ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും). 17 ലക്ഷത്തിൽ പരം ആളുകളാണ് ഈ ഗ്രൂപ്പിൽ അംഗങ്ങളായിട്ടുളളത്. മദ്യപാനികൾക്കും ഭക്ഷണപ്രേമികൾക്കും തങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങൾ പങ്കുവെയ്ക്കാനുളള ചെറിയ ഒരു ഇടമായിട്ടാണ് ജിഎൻപിസിയെ പലരും അടയാളപ്പെടുത്തിയിരുന്നത്. ചുരുങ്ങിയ കാലം കൊണ്ട് വൻ വളർച്ചയാണ് ജിഎൻസിപിക്ക് ഉണ്ടായത്.

കേരളത്തിലെ കളളുഷാപ്പുകൾ, ബാറുകൾ, മേൽത്തരം ഭക്ഷണം വിളമ്പുന്ന ഹോട്ടലുകൾ തുടങ്ങി അമേരിക്കയിലെയും യുറോപ്പിലെയും വൻകിട മദ്യശാലയിലെ വിശേഷങ്ങളുമെല്ലാം അറിയാൻ മലയാളി ജിഎൻസിപിക്ക് മുന്നിലെത്തി. കേരളത്തിലെ ഏറ്റവും വലിയ ഗ്രൂപ്പും ഇന്ത്യയിലെ ആറാമത്തെ ഗ്രൂപ്പും ലോകത്തിലെ ഏറ്റവും വലിയ സീക്രട്ട് ഗ്രൂപ്പുമാണ് ജിഎന്‍പിസിയെന്നാണ് അവകാശവാദം.   2017 മേയ് ഒന്നിന് തുടങ്ങിയ ഗ്രൂപ്പില്‍ 17 ലക്ഷം അംഗങ്ങള്‍ നിലവിലുണ്ട്. തിരുവനന്തപുരം സ്വദേശിയും ബ്ലോഗറുമായ ടി.എല്‍.അജിത് കുമാറാണ് ഗ്രൂപ്പ് അഡ്മിന്‍.

എന്നാൽ ജിഎൻസിപിയെ  എക്‌സൈസ് വകുപ്പ് നോട്ടമിട്ടിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍‌ട്ട്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നതാണ് ആരോപണം. സോഷ്യല്‍ മീഡിയയിലൂടെ ലഹരിയുടെ ഉപയോഗം ജിഎൻപിസി പ്രോത്സാഹിപ്പിക്കുന്നുണ്ടോയെന്നാണ് എക്‌സൈസ് അന്വേഷിക്കുന്നത്. ആരോപണം തെളിഞ്ഞാൽ കടുത്ത നടപടി നേരിടേണ്ടി വരും. ഇതു സംബന്ധിച്ച അന്വേഷണത്തിന് എക്‌സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗ്രൂപ്പിലെ പല പോസ്റ്റുകളും മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതായിട്ടാണ് ആരോപണം. അതേസമയം ആരോപണം ജിഎൻസിപി നിഷേധിച്ചു. ഗ്രൂപ്പിന്റെ ലക്ഷ്യം ഉത്തരവാദിത്തമുള്ള മദ്യപാനം പിന്തുടരുന്നത് ശീലിപ്പിക്കുകയെന്നതാണെന്നും അഡ്മിൻ ടിഎൽ അജിത് കുമാർ പറയുന്നു. 

ഭക്ഷണ സാധനങ്ങളുടെ രുചി വൈവിധ്യങ്ങളും മദ്യ ബ്രാന്‍ഡുകളുടെ ലഹരി ചര്‍ച്ചകളും സജീവമായ ഗ്രൂപ്പില്‍ ദിവസവും ആയിരക്കണക്കിന് പോസ്റ്റുകളാണ് വരുന്നത്. നിലവില്‍ കേരളത്തിലെ നൂറോളം ഹോട്ടലുകളും ബാറുകളും ജിഎന്‍പിസി അംഗങ്ങള്‍ക്ക് ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. ഇത് സംബന്ധിച്ച് ഓഫറുകള്‍ ഗ്രൂപ്പില്‍ പ്രസിദ്ധീകരിക്കുന്നുമുണ്ട്.ഈ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലൂടെ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ജിഎന്‍പിസിക്ക് മദ്യവ്യവസായികളുടെ പിന്തുണയും ലഭിക്കുന്നുണ്ടെന്നും മദ്യവിരുദ്ധ സംഘടനകള്‍ പറയുന്നു. ജിഎൻസിപിക്കെതിരെ നടപടി ആവശ്യപ്പെട്ട് മദ്യവിരുദ്ധ സംഘടനകളും രംഗത്തുണ്ട്. 

അജിത് കുമാര്‍ കൂടാതെ ഭാര്യ വിനിതയാണ് ഗ്രൂപ്പിന്റെ അഡ്മിന്‍. 18 മോഡറേറ്റര്‍മാരാണ് ഗ്രൂപ്പിനുള്ളത്. ഒരു ദിവസം വെറുതെ തോന്നിയ ഒരാശയമാണ് ഗ്രൂപ്പിന്റെ പിറവിയ്ക്ക് കാരണമായതെന്ന് അജിത് കുമാര്‍ പറയുന്നു.