ഫെയ്സ്ബുക്കിനെ അനുകരിക്കാൻ താൽപര്യമില്ല; സക്കർബർഗിന് മറുപടി നൽകി ടിക്ടോക്

ചൈനീസ് ആപ്പായ ടിക്ക്ടോക്കിനൊപ്പം പിടിച്ചുനില്‍ക്കാൻ പുതിയ മാറ്റങ്ങളുമായിട്ടാണ് മെറ്റയുടെ വരവ്. ഫോട്ടോ, വീഡിയോ ഷെയറിങ്ങിന് ഫുൾ സ്‌ക്രീൻ ഫീഡ് പരീക്ഷിക്കാനൊരുങ്ങുകയാണ് ഇൻസ്റ്റഗ്രാം. ടിക്ക്ടോക്കിനൊപ്പം മത്സരം ശക്തമായപ്പോൾ അൽഗോരിതം മാറ്റുവാൻ പോകുന്നെന്ന് മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് പ്രഖ്യാപിച്ചത് വലിയ വർത്തയാവുകയും ചെയ്തു. ഇപ്പോൾ സക്കർബർഗിന് മറുപടി നൽകിയിരിക്കുകയാണ്  ടിക്ടോക് എക്സിക്യൂട്ടീവ്. ഫെയ്സ്ബുക്കിനെ അനുകരിക്കാൻ താൽപര്യമില്ലെന്നാണ് ടിക് ടോക് വക്താവ് അറിയിച്ചത്.

ഫെയ്സ്‌ബുക് ഒരു സോഷ്യൽ പ്ലാറ്റ്‌ഫോമാണ് എന്ന് ടിക്‌ടോക്കിന്റെ ഗ്ലോബൽ ബിസിനസ് സൊലൂഷൻസ് പ്രസിഡന്റ് ബ്ലേക്ക് ചാൻഡലി സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഫെയ്സ്ബുക് അവരുടെ എല്ലാ അൽഗോരിതങ്ങളും സോഷ്യൽ ഗ്രാഫിനെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നത്. അതാണ് അവരുടെ (ഫെയ്സ്ബുക്കിന്റെ) പ്രധാന യോഗ്യത. നമ്മുടേത് (ടിക്ടോക്) അതല്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ടിക് ടോക്കിനെ പോലെ ഫെയ്സ്ബുക് പ്രവർത്തിപ്പിക്കാനോ ടിക്ടോക് പകർത്താനോ ശ്രമിച്ചാൽ സക്കർബർഗ് പ്രശ്‌നത്തിൽ അകപ്പെടുമെന്നും ഉപയോക്താക്കൾക്കും ബ്രാൻഡുകൾക്കും മോശം അനുഭവം നേരിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ടിക് ടോക്കിൽ നിന്നുള്ള വർധിച്ച മത്സര സമ്മർദം സക്കർബർഗ് അംഗീകരിക്കുന്നുണ്ട്. ഇതുകൊണ്ടാണ് റീലുകളിലുടെ കാര്യത്തിൽ ഫെയ്സ്ബുക് കാര്യമായി ശ്രദ്ധിക്കുന്നതെന്നും ചാൻഡലി പറഞ്ഞു. ടിക് ടോക്കിന്റെ ഉടമസ്ഥത ചൈനയുടെ ബൈറ്റ്ഡാൻസ് ആണ്. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ടിക്ടോക് കുതിക്കുകയാണ്. ഇന്ത്യയിൽ ഇപ്പോഴും നിരോധനം തുടരുകയാണ്.