‘ഉമ്മൻചാണ്ടിയെ’ മാത്രം പൊലീസുകാർ പൊക്കി മാറ്റി, ദൃശ്യങ്ങൾ പുറത്ത്

മലയിൻകീഴ് ജംക്‌ഷനിൽ ഉമ്മൻചാണ്ടിയുടെ ചിത്രമുള്ള ഫ്ലെക്സ് ബോർഡ് രാത്രി പൊലീസ് എടുത്തുമാറ്റുന്ന സിസിടിവി ദൃശ്യം

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സ്വാഗതംചെയ്തു യൂത്ത്കോൺഗ്രസ് പ്രവർത്തകർ മലയിൻകീഴ് ജംക്‌ഷനിൽ സ്ഥാപിച്ചിരുന്ന ഫ്ലെക്സ് ബോർഡ് രാത്രി പൊലീസ് അഴിച്ചുമാറ്റി ജീപ്പിൽ കയറ്റിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ വിവാദമായി. യൂത്ത് കോൺഗ്രസ് കുരുവിൻമുകൾ യൂണിറ്റും കോൺഗ്രസ് മണപ്പുറം വാർഡ് കമ്മിറ്റിയും ചേർന്നു പ്രദേശവാസിയായ അശോകനു നിർമിച്ച വീടിന്റെ താക്കോൽദാനം നിർവഹിക്കാൻ ശനിയാഴ്ച എത്തുന്ന ഉമ്മൻചാണ്ടിക്കു സ്വാഗതമേകി വച്ചിരുന്ന ബോർഡുകളാണു കാണാതായത്.

തുടർന്നു സമീപത്തു വ്യാപാരി വ്യവസായി ഏകോപനസമിതി സ്ഥാപിച്ചിരുന്ന സിസിടിവി പരിശോധിച്ചപ്പോഴാണു പൊലീസുകാരുടെ നടപടി പുറത്തുവന്നത്. ഇന്നലെ പുലർച്ചെ 2.49നു മലയിൻകീഴ് പൊലീസ് ജീപ്പ് ബോർഡ് വച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റിന്റെ ചുവട്ടിൽ നിർത്തുന്നതും ഒരു ഹോംഗാർഡും പൊലീസുകാരും ഇറങ്ങി ഫ്ലക്സ് വലിച്ചിളക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മൂന്നു ബോർഡുകളും ശക്തിയായി ഇളക്കിയെടുക്കുകയും ചവിട്ടുകയും ചെയ്യുന്നുണ്ട്. തുടർന്നു ജീപ്പിനു മുകളിൽ കയറ്റിവച്ചു കൊണ്ടുപോകുന്നതും കാണാം.

ജംക്‌ഷനിലെ മറ്റു ബോർഡുകളോ കൊടികളോ എടുക്കാതെ ഒരു മുന്നറിയിപ്പുമില്ലാതെ രാത്രിയുടെ മറവിൽ കോൺഗ്രസിന്റെ ഫ്ലെക്സ് മാത്രം നീക്കംചെയ്തതിൽ ദുരൂഹതയുണ്ടെന്നു നേതാക്കൾ പറഞ്ഞു. ഫ്ലെക്സ് കാണാനില്ലെന്ന പരാതിയുമായി സ്റ്റേഷനിലെത്തിയ പ്രവർത്തകരോട് അന്വേഷിക്കാമെന്നാണ് ആദ്യം പൊലീസ് അറിയിച്ചതെന്നു യൂത്ത്കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് എൻ.ഷാജി പറഞ്ഞു. 

മാറ്റിയത് അപകടമുണ്ടാക്കുന്ന ബോർഡുകളെന്ന് എസ്ഐ

മലയിൻകീഴ്∙ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നു മലയിൻകീഴ് എസ്ഐ എൻ.സുരേഷ്കുമാർ. യാത്രാതടസ്സം സൃഷ്ടിച്ചു  ജംക്‌ഷനിലെ ഹൈമാസ്റ്റ് ലൈറ്റിൽ കെട്ടിവച്ചിരുന്ന ഫ്ലെക്സ് ബോർഡുകൾ മാറ്റണമെന്നു കോൺഗ്രസ് നേതാക്കളെ  അറിയിച്ചിരുന്നു. എന്നാൽ അതു നടപ്പാക്കാൻ ആരും തയാറായില്ല. തുടർന്നാണു താൻ ചൊവ്വാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്നവരോട് ബോർഡുകൾ നീക്കംചെയ്യാൻ നിർദേശിച്ചതെന്ന് എസ്ഐ പറഞ്ഞു. അപകടം സൃഷ്ടിക്കുന്ന തരത്തിലുള്ള മറ്റു ബോർഡുകൾ ബന്ധവരെ അറിയിച്ചശേഷം വരുംദിവസങ്ങളിൽ മാറ്റുമെന്നും അദ്ദേഹം അറിയിച്ചു.