ഞാന്‍ ജെസ്നയുടെ കാമുകനല്ല; മരിക്കാന്‍ പോകുന്നുവെന്ന് മെസേജ് അയച്ചിരുന്നു: വെളിപ്പെടുത്തല്‍

ജെസ്ന മരിയ ജെയിംസിന്റെ തിരോധാനത്തിൽ  പ്രതികരണവുമായി പൊലീസും ബന്ധുക്കളും സംശയമുനയിൽ നിർത്തിയ സഹപാഠി രംഗത്ത്.  സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് തുറന്നു പറച്ചിൽ. ഞാൻ ജെസ്നയുടെ കാമുകനല്ല. മരിക്കാൻ പോകുന്നുവെന്നാണ് ജെസ്ന തനിക്ക് അയച്ച അവസാന സന്ദേശം. ജെസ്നയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവളെ കാണാതായപ്പോൾ തന്നെ പൊലീസിനെയും ബന്ധുക്കളെയും താൻ അറിയിച്ചതാണെന്നും സുഹൃത്ത് പറഞ്ഞു.  അവൾക്ക് കാമുകനുണ്ടോയെന്ന് എനിക്കറിയില്ല എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞിട്ടും പൊലീസ് തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും സുഹൃത്ത് പറഞ്ഞു.

ജെസ്നയുടെ തിരോധനവുമായി ബന്ധപ്പെട്ട അന്വേഷണം ആൺസുഹൃത്തിലേക്ക് നീളുന്നുവെന്ന വാർത്തകൾക്കിടയിലാണ് ജെസ്നയുടെ അടുത്ത സുഹൃത്തുക്കൾ രംഗത്തെത്തിയത്. തങ്ങൾക്ക് ജെസ്നയുടെ തിരോധാനവുമായി ബന്ധമില്ലെന്നും സഹപാഠികൾ പറഞ്ഞു.  പോലീസിന്‍റെ  തുടർച്ചയായ ചോദ്യം ചെയ്യലും സമൂഹത്തിന്‍റെ സംശയ ദൃഷ്ടിയോടെയുള്ള നോട്ടവും  കാരണം  തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് തങ്ങളെന്ന് ജസ്നയുടെ സഹപാഠികൾ പറയുന്നു. 

പൊതുവെ അന്തർമുഖയായ ജെസ്ന ഒറ്റയ്ക്ക് ഇത്രദൂരം സഞ്ചരിക്കില്ലെന്നും ഒളിച്ചു താമസിക്കില്ലെന്നും സഹപാഠികൾ പറയുന്നു. ആരോ ഒരാൾ അവൾക്കൊപ്പം ഉണ്ടാവുകയോ ആരുടേയോ ഇടപെടലോ നിർദേശങ്ങളോ ജെസ്നയുടെ തിരോധാനത്തിന് പിന്നിലുണ്ടെന്നും  ഇവർ വിശ്വസിക്കുന്നു.

മരിക്കാൻ പോകുന്നു എന്നു പറഞ്ഞ് ജസ്ന സന്ദേശം അയച്ച കാര്യം അവളെ  കാണാതായി അടുത്ത ദിവസം തന്നെ പൊലീസിൽ അറിയിച്ചിരുന്നു. മുൻപും സമാനമായ തരത്തിൽ ജസ്ന മെസേജ് അയച്ചിട്ടുണ്ട്. അപ്പോൾ തന്നെ  ജെസ്നയുടെ ചേട്ടനെ വിളിച്ച് ഇക്കാര്യം അറിയിച്ചിരുന്നു. എന്നാൽ അത് വിഷയമാക്കേണ്ടതില്ല എന്നാണ് സഹോദരൻ പറഞ്ഞതെന്നും സുഹൃത്ത് പറയുന്നു.

ജെസ്നയ്ക്കു വന്ന മെസേജുകളും ഫോൺ കോളുകളും സൈബർ വിദഗ്ദരടക്കമുളളവരുടെ സഹായത്തോടെ പൊലീസ്  കണ്ടെത്തിയിരുന്നു. മെസേജുകളും ഫോൺ കോളുകളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് ആൺസുഹൃത്തിലേയ്ക്ക് എത്തിയത്. ഒരുവര്‍ഷത്തിനിടെ ആയിരത്തിലേറെ തവണ ആണ്‍സുഹൃത്ത്് വിളിച്ചതായി പൊലീസ് വെളിപ്പെടുത്തിയിരുന്നു സുഹൃത്ത് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

മരിക്കുമെന്ന സന്ദേശം മുന്‍പും ജെസ്ന അയച്ചിട്ടുണ്ടെന്ന് സഹോദരന്‍  ജെയ്സ് ജോണ്‍ മനോരമ ന്യൂസ് കൗണ്ടർ പോയന്റിൽ  നേരത്തെ പറഞ്ഞിരുന്നു. അവസാനം കൂട്ടുകാരന് അയച്ച സന്ദേശവും ഇതാണ്. ഈ വിവരങ്ങള്‍പൊലീസിന് നേരത്തെ കൈമാറിയിരുന്നു. കൂട്ടുകാരനെ സംശയമില്ലാതില്ല. എന്നാല്‍  കുറ്റപ്പെടുത്താന്‍തെളിവില്ല. ഇതിന്‍റെ പേരില്‍അയാള്‍പീഡിപ്പിക്കപ്പെടരുതെന്നും ജെയ്സ് ജോണ്‍  'മനോരമ ന്യൂസ് കൗണ്ടര്‍പോയന്‍റില്‍' പറഞ്ഞിരുന്നു.