കലഹത്തിങ്ങൾക്കു ശേഷം വാക്കുകളില്‍ സംയമനത്തോടെ പൊതുവേദി പങ്കിട്ട് കോണ്‍ഗ്രസ് നേതാക്കള്‍

രാജ്യസഭാ സീറ്റിനെ ചൊല്ലിയുള്ള കലഹത്തിന് ശേഷം തൃശൂരില്‍ പൊതുവേദി പങ്കിട്ട സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ വാക്കുകളില്‍ സംയമനം പാലിച്ചു. അതേസമയം, വി.എം.സുധീരനേയും വി.ടി.ബല്‍റാമിനേയും വേദിയിലിരുത്തി കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസന്‍ വിമര്‍ശിച്ചു. ആദര്‍ശം മാത്രം പോര, അച്ചടക്കവും വേണമെന്നായിരുന്നു ഹസന്റെ പരാമര്‍ശം. 

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.പി.വിശ്വനാഥനുള്ള ആദരമായിരുന്നു വേദി. വി.എം.സുധീരനും ഉമ്മന്‍ചാണ്ടിയും നേര്‍ക്കുനേര്‍ കണ്ടില്ല. സുധീരന്‍ പ്രസംഗിച്ച് വേദിവിട്ട ശേഷമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വരവ്. സുധീരന്‍ പഴയകാല ഓര്‍മകള്‍ മാത്രം പങ്കുവച്ചു. വൃദ്ധനേതൃത്വത്തെക്കുറിച്ച് പറയാന്‍ തുടങ്ങിയപ്പോഴേയ്ക്കും വയലാര്‍ രവി വിവാദം വേണ്ടെന്ന് പറഞ്ഞു പിന്‍മാറി. 

പിന്നെ, കെ.പി.സി.സി. പ്രസിഡന്റ് ഹസന്റെ ഊഴമായിരുന്നു. നേതാക്കളെ വിലയിരുത്തിയ ശേഷം വേണം വിമര്‍ശിക്കാന്‍.  അച്ചടക്കമില്ലാത്ത ആദര്‍ശം, ആത്മാവില്ലാത്ത ശരീരമാണെന്ന് ഹസന്‍ പറഞ്ഞു. മറുപടി പ്രസംഗത്തില്‍ സുധീരന്‍ സംയമനം പാലിച്ചു. വി.ടി.ബല്‍റാം എം.എല്‍.എയാകട്ടെ പ്രസംഗിക്കാതെ വേഗം സ്ഥലംവിട്ടു. പിന്നെ, ഒരു മണിക്കൂറിനു ശേഷമെത്തിയ ഉമ്മന്‍ചാണ്ടിയും വിവാദ പ്രസ്താവനകള്‍ക്കില്ലെന്ന് വ്യക്തമാക്കി.

തൃശൂര്‍ ജില്ലയിലെ ഏക കോണ്‍ഗ്രസ് എം.എല്‍.എയായ അനില്‍ അക്കര ചടങ്ങിന് എത്തിയതുമില്ല. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകള്‍ വാസ്നിക് എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അവസാന നിമിഷം പിന്‍മാറി. മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തിരുന്നു.