കശുവണ്ടി വികസന കോര്‍പ്പറേഷനിലെ ഗ്രാറ്റുവിറ്റി കുടിശിക ഓണത്തിന് മുന്‍പ് നല്‍കും

സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്റെ ഫാക്ടറികളില്‍ നിന്നും വിരമിച്ച തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി കുടിശിക ഓണത്തിന് മുന്‍പ് നല്‍കും. 2011 മുതല്‍ക്കുള്ള മൂന്ന് വര്‍ഷത്തെ കുടിശികയാണ് വിതരണം ചെയ്യുകയെന്ന് കോര്‍പ്പറേഷന്‍‍ ചെയര്‍മാന്‍ എസ്.ജയമോഹന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

2011ന് ശേഷം സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്റെ ഫാക്ടറികളില്‍ നിന്നും വിരമിച്ച അയ്യായിരത്തോളം തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി തുക  ഇതുവരെ നല്‍കിയിട്ടില്ല. ഇതിനെതിരെ വിരമിച്ച തൊഴിലാളികള്‍ കഴിഞ്ഞാഴ്ച കോര്‍പ്പറേഷന്‍ ആസ്ഥാനം ഉപരോധിച്ചിരുന്നു.  ഇതിന് പരിഹാരം കാണാനാണ് കോര്‍പ്പറേഷന്റെ തീരുമാനം. 2011 മുതല്‍ 2013 വരെയുള്ള കാലയളവില്‍ വിരമിച്ച ആയിരത്തോളം തൊഴിലാളികളുടെ കുടിശിക ഓണത്തിന് മുന്‍പ് നല്‍കും. 15കോടി രൂപയാണ് ഇതിനായി കണ്ടെത്തേണ്ടത്. ഓരോ തൊഴിലാളിക്കും ഒന്നര ലക്ഷത്തോളം രൂപ വരെയാണ് ഗ്രാറ്റുവിറ്റി ഇനത്തില്‍ ലഭിക്കാനുള്ളത്. അവശേഷിക്കുന്ന മൂന്ന് വര്‍ഷത്തെ കുടിശിക ഈ സര്‍ക്കാരിന്റെ കാലയളവി‍ല്‍ തന്നെ നല്‍കുമെന്നും കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്.ജയമോഹന്‍ പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാര്‍ കാലത്തെ വീഴ്ചയാണ് കോര്‍പ്പറേഷന്‍ ഇപ്പോള്‍ ചുമക്കുന്നതെന്നാണ് ചെയര്‍മാന്റെ കുറ്റപ്പെടുത്തല്‍. കോര്‍പ്പറേഷന്റെ കീഴിലുള്ള 30 ഫാക്ടറികളില്‍ 20 എണ്ണവും വാടക ഫാക്ടറികളാണ്. ഇതില്‍ 10 ഫാക്ടറികള്‍ ഈ വര്‍ഷം തന്നെ സ്വന്തമാക്കും. പ്രതിസന്ധിക്കിടയിലും നടപ്പ് വര്‍ഷത്തില്‍ 500 തൊഴിലാളികളെ പുതുതായി നിയമിക്കാനും കോര്‍പ്പറേഷന്‍ തീരുമാനിച്ചിട്ടുണ്ട്.