ആ കുഞ്ഞുമക്കളുടെ മുഖം മനസ്സിൽ നിറഞ്ഞു; ലിനിയുടെ ഓർമ്മയിൽ അവർ വിങ്ങിപ്പൊട്ടി

നിപ്പ വൈറസ് ബാധിച്ച രോഗികളെ പരിചരിക്കുന്നതിനിടയില്‍ ജീവന്‍ വെടിഞ്ഞ ലിനിക്ക്  നഴ്സ് സമൂഹത്തിന്റെ ആദരാജ്ഞലി. തിരുവനന്തപുരം ജില്ലയിലെ നഴ്സുമാരാണ് മെഴുകുതിരികളുമേന്തി പ്രിയ സഹോദരിക്ക് കണ്ണീര്‍ പ്രണാമമര്‍പ്പിച്ചത്. നഴ്സുമാര്‍ക്ക് സര്‍ക്കാര്‍  സ്വകാര്യ ആശുപത്രികളില്‍ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്നുകൂടി അവര്‍ ഒാര്‍മ്മപ്പെടുത്തി.

ലിനി ഇനി നക്ഷത്ര ലോകത്തെ മാലാഖ...ഈ മെഴുകുതിരിപോല്‍ എരിഞ്ഞു തീര്‍ന്നവള്‍.. അവളുടെ ഒാര്‍മകള്‍ക്കു മുമ്പില്‍ നഴ്സ് സമൂഹം മൗനമായി നിന്നു. വീടിന്റെ പടികളിറങ്ങി പോരുമ്പോള്‍ കൈവീശിക്കാട്ടിയ കുഞ്ഞു മക്കളുടെയോ പ്രിയപ്പെട്ടവരുടെയോ ഒക്കെ മുഖങ്ങള്‍ അവരുടെ മനസില്‍ നിറഞ്ഞു വന്നിട്ടുണ്ടാകണം. പലരും വിങ്ങിപ്പൊട്ടി.

പ്രാണന്‍ വെടിഞ്ഞും അന്യജീവന് ഉതകുമെന്ന നിശ്ചയദാര്‍ഢ്യം ഒാരോ മുഖത്തും തെളിഞ്ഞു നിന്നു.ഇവരര്‍ഹിക്കുന്നുണ്ട്...സര്‍ക്കാരിന്റേയും സമൂഹത്തിന്റേയും കൂടുതല്‍ കരുതല്‍.. ലിനിയുടെ പിഞ്ചുമക്കളേപ്പോലെ ഇനിയൊരു കുഞ്ഞുങ്ങള്‍ക്കും അമ്മത്തണല്‍ നഷ്ടമാവാതിരിക്കാന്‍ ......