‘ഉദ്ഘാടന’ വെറിയില്ല; ചപ്പടാച്ചി വിദ്യയുമില്ല; ചെന്നിത്തലയെ കൊട്ടി പിണറായി

എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തെ വിമർശിച്ച പ്രതിപക്ഷ നേതാവിന് മറുപടിയുമായി മുഖ്യമന്ത്രി. യുഡിഎഫിനെ പോലെ തറക്കല്ലിടൽ, ഉദ്ഘാടന വെറി സർക്കാരിന് പിടികൂടിയിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഹാസം. ചപ്പടാച്ചി വിദ്യ കാണിച്ച് ആളുകളെ പറ്റിക്കില്ലെന്നും കണ്ണൂരിൽ ഇ.കെ.നായനാർ അക്കാദമിയിലെ മ്യൂസിയം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.


ചപ്പടാച്ചി വിദ്യകാട്ടി ആളെപറ്റിക്കുന്ന പരിപാടി എൽഡിഎഫ് സർക്കാരിനില്ല.  ഒരു വികസനപദ്ധതിക്കു പോലും തറക്കല്ലിടാൻ സർക്കാരിനു കഴിഞ്ഞിട്ടില്ലെന്നാണു   പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത്.  യുഡിഎഫ് സർക്കാരും മുഖ്യമന്ത്രിയും കുറേ ഉദ്ഘാടനം നടത്തിയിട്ടുണ്ടല്ലോ? കൊച്ചി മെട്രോയുടെ ഉദ്ഘാടനം യുഡിഎഫിന്റെ കാലത്താണ് നടത്തിയത്.


എന്നാൽ ആളുകൾ സഞ്ചരിച്ചുകൊണ്ട് ഉദ്ഘാടനം നടത്തിയത് എൽഡിഎഫാണ്. കണ്ണൂർ വിമാനത്താവളവും പണി പൂർത്തിയാകുന്നതിനു മുൻപ് യുഡിഎഫ് ഉദ്ഘാടനം നടത്തി. വ്യേമസേനയുടെ എവിടെയും ഇറക്കാൻ കഴിയുന്ന വിമാനമിറക്കിയാണു കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. ഇത്തരം ചപ്പടാച്ചി വിദ്യകാട്ടി ആളെ പറ്റിക്കുന്ന പരിപാടി എൽഡിഎഫ് സർക്കാരിനില്ല. –പിണറായി പറഞ്ഞു.