കേരളത്തിലേത് പ്രതിഷേധമല്ല; തെമ്മാടിത്തരം: വ്യാജ‘ഹർത്താലി’നെതിരെ പാർവതി

ഊരും പേരും സംഘടനയുടെ മേല്‍വിലാസവുമില്ലാത്ത ഹര്‍ത്താലാഹ്വാനത്തില്‍ സംസ്ഥാനത്ത് വ്യാപക അക്രമങ്ങള്‍ അരങ്ങേറുന്നതിനിടെ രൂക്ഷ വിമർശനവുമായി നടി പാർവതി രംഗത്ത്. വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേയ്ക്കുളള യാത്രാമധ്യേ ഹർത്താൽ അനുകൂലികൾ നടത്തിയ അക്രമസംഭവങ്ങൾ കണ്ടതിനെ തുടർന്നാണ് സമൂഹമാധ്യമങ്ങളിൽ പാർവതിയുടെ രൂക്ഷ പ്രതികരണം. പ്രതിഷേധത്തിന്റെ മറവിൽ തെമ്മാടിത്തരമാണ് നടക്കുന്നതെന്ന് പാർവതി കുറിച്ചു. 

യാത്രക്കാരെ കാർ തടഞ്ഞു നിർത്തി അധിക്ഷേപിക്കുകയാണെന്നും പാർവതി ആരോപിച്ചു.കോഴിക്കോട് വിമാനത്താവളം-ചെമ്മാട്-കൊടിഞ്ഞി-ചെട്ടിപ്പടി-താനൂർ എന്നിവിടങ്ങളിലാണ് റോഡിൽ മാർഗതടസ്സം സൃഷ്ടിക്കുകയും കാർ തടഞ്ഞു നിർത്തി ജനങ്ങളെ അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നത്. ദയവായി ഈ സന്ദേശം കൈമാറി സുരക്ഷിതരായി ഇരിക്കൂ. പോലീസിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും നടപടികൾ സ്വീകരിച്ചു വരുന്നുവെന്ന് അറിയുന്നതായും പാർവതി പറഞ്ഞു.

കശ്മീരിലെ കഠ്്വയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവത്തില്‍  പ്രതിഷേധിക്കുന്നതിനാണ് ഹര്‍ത്താല്‍ എന്നാണ് സമൂഹമാധ്യമങ്ങളില്‍ ഒരുകൂട്ടം പ്രചരിപ്പിക്കുന്ന കുറിപ്പുകളില്‍ പറയുന്നത്. സാമൂഹികമാധ്യമങ്ങളിലൂടെയുള്ള  ഹര്‍ത്താല്‍ ആഹ്വാനത്തിന്റെ മറവില്‍ സംസ്ഥാനത്ത് പലയിടത്തും കടയടപ്പിക്കലും ബസ് തടയലും തുടരുക തന്നെയാണ്. കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളില്‍ സംഘം ചേര്‍ന്ന് വാഹനങ്ങള്‍ തടഞ്ഞു. മാത്തോട്ടത്ത് കടകള്‍ അടപ്പിക്കാനുള്ള ശ്രമത്തിനിടെ പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഏഴുപേരെ മാറാട് പൊലീസ് കസ്റ്റഡിയിലെടുത്തു. തീരദേശമേഖലയില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. 

കാസര്‍കോട്ട് കല്ലേറില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ക്ക് പരുക്കേറ്റു. പാലക്കാട് വാഹനം തടഞ്ഞവരെ പൊലീസ് ലാത്തിവീശി ഓടിച്ചു.  കണ്ണൂരിലും കല്‍പ്പറ്റയിലും ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തി. നെടുമങ്ങാടും തിരുവനന്തപുരം ബീമാപ്പള്ളിയിലും കടകൾ അടപ്പിച്ചു. പൊലീസിനുേനരെ കല്ലേറുണ്ടായി. സ്ഥലത്ത് സംഘര്‍ഷം തുടരുകയാണ്.