സുന്നി ഐക്യനീക്കം ലീഗിന്‍റെ പിന്തുണയോടെ; മുന്നോട്ടുതന്നെ: സമസ്ത

സുന്നി ഐക്യത്തില്‍ ചര്‍ച്ചകള്‍ നിര്‍ണായകഘട്ടത്തിലെത്തി നില്‍ക്കെ നീക്കം ലീഗ് അറിയാതെയെന്ന് വാര്‍ത്തകള്‍ തള്ളി സമസ്ത. ഇ.കെ–എ.പി വിഭാഗം സുന്നികളുടെ ഐക്യനീക്കം മുസ്‌‌ലിം ലീഗ് പിന്തുണയോടെ തന്നെയാണ് പുരോഗമിക്കുന്നതെന്ന് സമസ്ത നേതൃത്വം മനോരമ ന്യൂസിനോട്. സുന്നികള്‍ തമ്മില്‍ ഐക്യമുണ്ടായാല്‍ രാഷ്ട്രീയമായ നഷ്ടമുണ്ടാകുമെന്ന ആശങ്കമൂലം ലയനനീക്കത്തെ ലീഗ് എതിര്‍ക്കുന്നുവെന്നത് തെറ്റായ പ്രചാരണമാണ്. സുന്നി ഐക്യം കൊണ്ട് മുസ്്ലിംലീഗിന് നഷ്ടമോ മറ്റു പാര്‍ട്ടികള്‍ക്ക് നേട്ടമോ ലഭിക്കില്ലെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസലിയാരും പറഞ്ഞു.  

മുസ്്ലിംലീഗ് ഉന്നതാധികാരസമിതി അംഗമായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഐക്യ ചര്‍ച്ചയ്ക്ക് വേണ്ടി ആദ്യം ക്ഷണിച്ചത്. ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും നീക്കത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ലീഗ് നേതാക്കള്‍ ലയനപുരോഗതി അന്വേഷിക്കാന്‍  ഇടയ്ക്കിടെ വിളിക്കുന്നുണ്ട്. സമസ്തയും ലീഗും തമ്മിലുളള ബന്ധത്തില്‍ ഇതുവരേയും വിളളലുണ്ടായിട്ടില്ല. സുന്നി ഐക്യത്തെ ചൊല്ലി ലീഗുമായി അഭിപ്രായവ്യത്യാസമുണ്ടെന്ന പ്രചാരണം തെറ്റാണ്. സമസ്ത വിട്ടുപോയവരെ മറ്റുളളവരേയും തിരികെയെത്തിക്കാന്‍ ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുക്കാന്‍ സംഘടന തയാറാണ്. 

എ.പി–ഇ.കെ. ലയനത്തിന് അണികളെല്ലാം മാനസികമായി തയാറായന്ന് പറയാനായിട്ടില്ല. ചര്‍ച്ചകളുടെ തുടക്കത്തില്‍ എതിര്‍പ്പുളളവര്‍ പോലും നേതൃത്വത്തെ അനുസരിച്ച് ലയനത്തിന്റെ ഭാഗമായിത്തീരുമെന്നും ജിഫ്രി തങ്ങള്‍ വ്യക്തമാക്കി. സലഫിസത്തെ കാലങ്ങളായി എതിര്‍ത്തു പോരുന്നവരാണ് ഇരുവിഭാഗം സുന്നികളും. ഐക്യമുണ്ടായാല്‍ സലഫിസത്തിനെതിരെയുളള പോരാട്ടം ശക്തമാക്കുമെന്നും നേതൃത്വം പറഞ്ഞു. 

ഇതുകൂടി വായിക്കാം: സുന്നി ഐക്യമരികെ; ലയന നീക്കത്തിന് ഇ.കെ. ഉന്നത സമിതിയുടെ പച്ചക്കൊടി