ഇത് കടുത്ത അനീതി; ശാക്തീകരണ വാദം മുഖംമൂടി; സങ്കടം: ഹിജാബില്‍ സെയ്റ

ഹിജാബ് നിരോധനത്തെ എതിര്‍ത്ത് ദംഗല്‍ നായിക സെയ്റ വസീം. ഹിജാബ് തിരഞ്ഞെടുപ്പാണെന്ന പാരമ്പര്യ സങ്കല്‍പ്പം വിവരമില്ലാത്തതാണ്. ഇത് സൗകര്യമനുസരിച്ച് നിര്‍മിച്ചെടുക്കുന്നതാണ്. ഹിജാബ് ധരിച്ച സ്ത്രീ അവര്‍ സ്നേഹിക്കുകയും സ്വയം സമർപ്പിക്കുകയും ചെയ്ത ദൈവം തന്നോട് കൽപിച്ച ഒരു കടമയാണ് നിറവേറ്റുന്നതെന്നും സെയ്റ വസീം തുറന്നുപറഞ്ഞു. 

വിദ്യാഭ്യാസമോ ഹിജാബോ, ഇതില്‍ ഏത് വേണമെന്ന് മുസ്‌ലിം സ്ത്രീകൾ തീരുമാനിക്കണമെന്നത് കടുത്ത അനീതി. നിങ്ങളുടെ അജണ്ട നടപ്പിലാക്കാന്‍ അവരെ നിർബന്ധിക്കുകയും തടവിലാകുമ്പോൾ അവരെ വിമർശിക്കുകയും ചെയ്യുകയാണ്. വ്യത്യസ്‌തമായി തിരഞ്ഞെടുക്കുന്നതിന് അവരെ പ്രോത്സാഹിപ്പിക്കാൻ മറ്റൊരു മാർഗവുമില്ല. ആളുകൾ ഈ രീതിയില്‍ പക്ഷംപിടിച്ച് പ്രവർത്തിക്കേണ്ടി വരുന്ന സഹാചര്യമാണുള്ളത്. ശാക്തീകരണത്തിന്‍റെ പേരിലാണ് ഇതെല്ലാം ചെയ്യുന്നതെന്ന് പറയുന്നത് വെറും മുഖംമൂടിമാത്രം. ഇങ്ങനെ പറയുകയും ഇതിന് വിപരീതമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഇത്തരം പ്രവർത്തനങ്ങൾ മോശമാണ്. ഇതില്‍ സങ്കടമുണ്ടെന്നും സെയ്റ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഹിജാബ് മതാചാരത്തിന്‍റെ ഭാഗമല്ലെന്നായിരുന്നു കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞത്. കര്‍ണാടകയിലെ വിദ്യാലയങ്ങളില്‍ പ്രതിഷേധം തുടരുകയാണ്. ഹിജാബ് അഴിക്കാന്‍ വിസമ്മതിച്ച 58 വിദ്യാര്‍ത്ഥിനികളെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു.