24 കോളജുകള്‍ക്ക് സ്വയംഭരണം നൽകിയ സർക്കാര്‍ വാദം പൊളിഞ്ഞു

ലോകബാങ്ക് പദ്ധതിയായ ടെക്വിപ്പ് വഴി 2000 കോടി രൂപയുടെ ഫണ്ട് ലഭിക്കാനാണ് 24 എന്‍ജിനീയറിങ് കോളജുകള്‍ക്ക്  സ്വയംഭരണത്തിനായി എന്‍.ഒ.സി നല്‍കിയതെന്ന സര്‍ക്കാര്‍വാദം പൊളിയുന്നു. ഈ പട്ടികയിലെ 19 കോളജുകള്‍ക്കും പദ്ധതിയുടെ കീഴില്‍ വരാനുള്ള അര്‍ഹതയില്ല.  ലോകബാങ്ക് പദ്ധതിക്കുവേണ്ടി സ്വയംഭരണം നല്‍കുന്നത് ശരിയല്ലെന്ന  വിമര്‍ശനവുമായി ഇടത് അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ  രംഗത്തെത്തി. 

സാങ്കേതിക വിദ്യാഭ്യാസം മെച്ചപ്പെടുത്താനുള്ള ലോകബാങ്ക് സഹായത്തോടയുള്ള പദ്ധതിയാണ് ടെക്വിപ്പ് . ഇതിന്റെ മൂന്നാംഘട്ട ഫണ്ട് നല്‍കണമെങ്കില്‍ , കോളജുകള്‍ക്ക് അക്കാദമിക സ്വയംഭരണം വേണമെന്ന് ലോകബാങ്ക് നിര്‍ബന്ധം പിടിച്ചു, ഇതിനാലാണ് 24 കോളജുകള്‍ക്ക് ഇതിനുള്ള അനുമതി നല്‍കിയതെന്നാണ് സര്‍ക്കാര്‍ വാദം. 24 കോളജുകളുടെ പട്ടിക പരിശോധിച്ചാല്‍ ഇവയില്‍ 19 കോളജുകള്‍ക്കും ടെക്വിപ്പ് മൂന്നാംഘട്ടത്തിനും സ്വയംഭരണ പദവിക്കും അപേക്ഷിക്കാനുള്ള അര്‍ഹതയില്ലെന്ന് വ്യക്തമാകും.  ശ്രീചിത്തിര തിരുനാൾ കോളജ് ഓഫ് എൻജിനിയറിങ് ,എൽബിഎസ് കാസർകോട്,കോളജ് ഓഫ് എൻജിനിയറിങ് ചെങ്ങന്നൂർ,ഗവ.മോഡൽ എൻജിനിയറിങ് കോളജ് എന്നിവ ഉള്‍പ്പെടുന്ന 24 കോളജുകളില്‍ ഒന്നൊഴികെ എല്ലാം സര്‍ക്കാര്‍, സര്‍ക്കാര്‍നിയന്ത്രിത കോളജുകളാണ്. ഇവക്ക് യുജിസിയോ, ലോകബാങ്കോ പറയുന്ന അക്കാദമിക മികവോ, അടിസ്ഥാന സൗകര്യങ്ങളോ ഇല്ല. 80 ശതമാനം വിദ്യാര്‍ഥികള്‍ ഗേറ്റ് പരീക്ഷപാസാകണമെന്ന നിബന്ധന പോലും ലോകബാങ്ക് മൂന്നോട്ട് വെച്ചിട്ടുണ്ട്. അപേക്ഷ നല്‍കാനെങ്കിലും കഴിയുന്ന കോളജുകള്‍ കുസാറ്റിന്റെ സ്്കൂള്‍ ഒഫ് എന്‍ജിനീയറിങ്, തിരുവനന്തപുരം, തൃശ്ശൂര്‍ സര്‍ക്കാര്‍എന്‍ജിനീയറങ് കോളജുകള്‍, ആര്‍.ഐ.ടി,  ടി.കെ.എം എന്നിവമാത്രമാണ്. ഈ അഞ്ച് കോളജുളാണ് ടെക്വിപ്പ് രണ്ടാംഘട്ടം പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഇക്കാര്യങ്ങളെല്ലാം മറച്ചുവെച്ച്  ചില ഉദ്യോഗസ്ഥര്‍ , സര്‍്ക്കാരിനെ തെറ്റിധരിപ്പിച്ചാണ് സ്വയംഭരണത്തിനുള്ള എ ഉത്തരവിറക്കിച്ചത് എന്ന ആരോപണവുമായി ഇടത് അധ്യാപകസംഘടന തന്നെ രംഗത്തെത്തിയിട്ടുണ്ട്.