എം സുകുമാരന്റെ സംസ്കാരം തൈക്കാട് ശാന്തി കവാടത്തില്‍ നടത്തി

വാക്കുകളില്‍ വിപ്ലവം നിറച്ച കഥാകാരന്‍ എം. സുകുമാരന്‍ വിടവാങ്ങി. തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തില്‍ ആചാരങ്ങളൊന്നുമില്ലാതെയായിരുന്നു സംസ്കാരം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ നിരവധിപേര്‍ അദ്ദേഹത്തിന് അന്ത്യാഭിവാദ്യമര്‍പ്പിച്ചു.

എഴുത്തില്‍ തീപടര്‍ത്തിയ എം. സുകുമാരന്‍ അതേ തീഷ്ണതയോടെ അഗിനയിലേക്ക് വിടവാങ്ങി. ശേഷക്രിയകളില്ലാത്ത മടക്കം.

അദ്ദേഹം ആഗ്രഹിച്ചിരുന്നതുപോലെ തന്നെ ആളും ബഹളവുമൊന്നുമില്ലാതെയായിരുന്നു  പൊതുദര്‍ശനവും . പടിഞ്ഞാറെ കോട്ടയിലെ പ്രശാന്ത് നഗറില്‍ അദ്ദേഹം വര്‍ഷങ്ങളായി താമസിച്ചിരുന്ന ഫ്ളാറ്റിന്റെ മുറ്റത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍, വി.എം. സുധീരന്‍, നടന്‍ ഇന്ദ്രന്‍സ് തുടങ്ങിയവര്‍ രാവിലെ തന്നെ ആദരാഞ്ജലികള്‍ അര്‍പിക്കാനെത്തി. പിന്നെ അദ്ദേഹത്തെ അടുത്തറിയാവുന്നവരും,

ഇന്നലെ രാത്രി 9.15ന് തിരുവനന്തപുരം ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹൃദയാഘാതത്തേത്തുടര്‍ന്നായിരുന്നു 75 കാരനായ എം സുകുമാരന്റെ അന്ത്യം. നീണ്ട ഇടവേളകളെടുത്ത എഴുത്തുകളിലെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ ജീവിതത്തിലെന്നപോലെ മരണത്തിലും അദ്ദേഹം തുടര്‍ന്നു. ശേഷക്രിയ, പാറ, അഴിമുഖം, ജനിതകം, പിതൃതര്‍പണം, തൂക്കുമരങ്ങള്‍ ഞങ്ങള്‍ക്ക് തുടങ്ങിയ രചനകളുടെ ചുവന്ന ചിഹ്നങ്ങള്‍ മരിച്ചിട്ടില്ലാത്തവരുടെ സ്മാരകം പോലെ വായനക്കാര്‍ക്ക് സമര്‍പിച്ചാണ് ആ കഥാലോകം അസ്തമിക്കുന്നത്