കീഴാറ്റൂരിൽ സമരപന്തൽ കത്തിച്ച കേസില്‍ സിപിഎം പ്രവർത്തകർക്കെതിരെ കേസ്

കണ്ണൂർ കീഴാറ്റൂരിൽ വയല്‍കിളി പ്രവര്‍ത്തകരുടെ സമരപന്തൽ കത്തിച്ച കേസില്‍ പന്ത്രണ്ട് സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.  വയല്‍ നികത്തി ബൈപാസ് നിര്‍മിക്കുന്നതിനെതിരെ വീണ്ടും പന്തല്‍ കെട്ടി സമരം തുടരാനാണ് പ്രതിഷേധക്കാരുടെ തീരുമാനം. 

സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതിന് പിന്നാലെ സിപിഎം പ്രവർത്തകർ സമരപന്തൽ പൊളിച്ച് തീയിടുകയായിരുന്നു. തുടർന്ന് സമീപത്തെ തോട്ടിലേക്ക് വലിച്ചെറിഞ്ഞു. പാർട്ടി അംഗങ്ങൾ ഉൾപ്പടെ പന്ത്രണ്ട് സിപിഎം പ്രവർത്തകരെ പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ഈമാസം ഇരുപത്തിയഞ്ചിന് കീഴാറ്റൂരിൽ വീണ്ടും സമരപന്തൽ കെട്ടി സമരം തുടരുമെന്ന് വയൽകിളി പ്രവർത്തകർ അറിയിച്ചു.

കീഴാറ്റൂരിലെ പൊലീസ് നടപടി പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. സർവേ പൂർത്തിയായതിനാൽ കീഴാറ്റൂർ വയൽവഴിതന്നെ ബൈപാസ് നിർമിക്കാനാണ് ദേശീയപാത അധികൃതരുടെ തീരുമാനം.