മോദിയുടെ പണി ഉളുപ്പില്ലാത്ത ബഡായിപറച്ചില്‍; കത്തിക്കയറി വിഎസ്

മലമ്പുഴ മണ്ഡലത്തിലെ പുതുപ്പരിയാരത്ത് ഡിവൈഎഫ്ഐ സംഘടിപ്പിച്ച കെസി ബാലകൃഷ്ണൻ അനുസ്മരണ സമ്മേളനമായിരുന്നു  വേദി. വൈകിട്ട് അഞ്ചുമണിയായപ്പോഴേക്കും ജനക്കൂട്ടം വിഎസിനെക്കാത്ത് തമ്പടിച്ചിരുന്നു. 6.25 ന് വിഎസ് വെളളകാറില്‍ സമ്മേളനസ്ഥലത്തേക്ക് വന്നിറങ്ങിയപ്പോഴേക്കും പ്രവര്‍ത്തകരുടെ ആവേശം അണപൊട്ടി. ഒരേ സ്വരത്തില്‍ വിഎസിനെ അഭിവാദ്യം ചെയ്തായിരുന്നു സ്വീകരണം. കണ്ണേ കരളേ വീഎസെയെന്ന് ഹൃദയത്തില്‍ തൊട്ടുളള വിളിക്ക് ഒരു തിരഞ്ഞെടുപ്പ് ആവേശത്തിന്റെ തുടിപ്പുയര്‍ന്നു. 

തിരുവനന്തപുരത്തു നിന്ന് വിഎസ് മണ്ഡലത്തിലെത്താറുണ്ടെങ്കിലും രാഷ്ട്രീയമായി പാര്‍ട്ടിപരമായി അടുത്തകാലത്തൊന്നും ഇത്തരമൊരു ആള്‍ക്കൂട്ടം പാലക്കാട്ട് വിഎസിനെ കേട്ടിട്ടില്ല. വിഎസിന്റെ പ്രസംഗം കേള്‍ക്കാനായി വലിയ തിക്കുംതിരക്കുമാണ് അനുഭവപ്പെട്ടത്. എഴുതി തയ്യാറാക്കിയ പ്രസംഗമാണെങ്കിലും നീട്ടിയും കുറുക്കിയുമുളള വിഎസിന്റെ പ്രസംഗം ആസ്വാദ്യകരമായി. 

മോദി, ബിജെപി, സംഘപരിവാര്‍ എന്നിവയിലൊതുങ്ങി വിഎസിന്റെ മുനവച്ചുളള വാക്കുകള്‍. രാജ്യം നേരിടുന്ന വെല്ലുവിളികളെ എടുത്തുപറഞ്ഞായിരുന്നു തുടക്കം. മതനിരപേക്ഷതയുടെ പ്രാധാന്യവും തീവ്രഹിന്ദുത്വത്തിന്റെ പ്രശ്നങ്ങളും ത്രിപുരയുടെ സാഹചര്യവുമൊക്കെ വിഎസ് എടുത്തുപറ‍ഞ്ഞു. ത്രിപുരയില്‍ രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യുന്നത് ജനാധിപത്യമല്ലെന്നും ഫാസിസ്റ്റ് രീതിയാണെന്നും വിഎസ് വിമര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കത്തിക്കയറിയ വിഎസ് പറഞ്ഞതിങ്ങനെ..

"മൈക്കിന്റെ മുമ്പില്‍ നിന്ന് ഒരു ഉളുപ്പുമില്ലാതെ ബഡായി പറച്ചില്‍ മാത്രമാണ് മോദിയുടെ തൊഴില്‍ . മോദിയുടെ പ്രധാന തൊഴില്‍ ഉലകസഞ്ചാരമാണ്..ജനിച്ച നാടല്ലേയെന്നു കരുതി ഇടയ്ക്കിടക്കൊക്കെ നാട്ടിലേക്ക് വരും...എന്നിട്ടോ....മൈക്കിന്റെ മുന്‍പില്‍ നിന്ന് ഭായിയോം ബഹനോം എന്നൊക്കെ അലറി വിളിക്കും...എന്ത് ഭായിയും ബഹനും...ഭായിയെയുംബഹനേയും ഒക്കെ ചവിട്ടി അരയ്ക്കുകയും പല രീതിയില്‍ കേസെടുക്കുകയുമാണ് ചെയ്യുന്നത്. എന്നിട്ട് ഭായിയെന്നും ബഹനെന്നും അലറി വിളിച്ച് ആ വാക്കുകളെ തന്നെ ബലി കഴിച്ചതുകൊണ്ട് വല്ല കാര്യവുമുണ്ടോ..ഒരു  തെരുവു മാന്ത്രികന്റെ ലാഘവത്തോടെയല്ലേ മോദി നോട്ടുനിരോധനം നടത്തിയത്. അതുവഴി രാജ്യത്ത് 130 കോടി ഭായിയോമാരെയും ബഹനോംമാരെയും ജീവിതമല്ലേ മോദി പന്താടിയത്...എന്നിട്ട് വെറുതെ ഭായി ബഹന്‍ എന്നൊക്കെ തട്ടിവിട്ടാല്‍ മതി. "

വിലക്കയറ്റവും സംഘപരിവാര്‍ അക്രമങ്ങളും ജനങ്ങളെ വീര്‍പ്പുമുട്ടിക്കുന്നതിനാല്‍ 2004ലെ തിരഞ്ഞെടുപ്പിൽ എൻ‌ഡിഎയ്ക്കുണ്ടായ പരാജയം 2019ലും ആവർത്തിക്കുമെന്ന് വ്യക്തമാക്കിയാണ് വിഎസ് പ്രസംഗം അവസാനിപ്പിച്ചത്.

1991  മാര്‍ച്ച് 12 ന് പുതുപ്പരിയാരം സര്‍വീസ് സഹകരണബാങ്കില്‍ വച്ചാണ് സിപിഎം ലോക്കല്‍കമ്മിറ്റി അംഗമായ കെസി ബാലകൃഷ്ണനെ അക്രമികള്‍ കൊലപ്പെടുത്തിയത്. ബാലകൃഷ്ണന്റെ കുടുംബത്തോടുളള പ്രവര്‍ത്തകരുടെ വൈകാരികമായ അടുപ്പംകൂടി വ്യക്തമാക്കുന്നതായിരുന്നു സദസ്.