കോടികൾ ധൂർത്തടിച്ച് ഭരണപരിഷ്കാര കമ്മിഷൻ; മൂന്നുവർഷം മൂന്നു റിപ്പോർട്ടുകൾ

വി.എസ്.അച്യുതാനന്ദന്‍ ചെയര്‍മാനായ ഭരണപരിഷ്കാര കമ്മിഷന്‍ സര്‍ക്കാര്‍ ഖജനാവിന്‍റെ  ധൂര്‍ത്താണെന്ന് വ്യക്തമാക്കി വിവരാവകാശ രേഖകള്‍. രൂപീകരിച്ച് മൂന്ന് വര്‍ഷമായിട്ടും നാളിതുവരെ കമ്മിഷന്‍ മുന്നോട്ടുവച്ചത് മൂന്ന് റിപ്പോര്‍ട്ടുകള്‍ മാത്രമാണ്. കമ്മിഷന്‍റെ നടത്തിപ്പിനായി ഇതുവരെ ചെലവഴിച്ചത് അഞ്ചുകോടിയിലേറെ രൂപയും. ചെയര്‍മാനായ വി.എസ് ശമ്പളമായി മാത്രം ഇതുവരെ ഇരുപത്തി മൂന്ന് ലക്ഷം രൂപ കൈപ്പറ്റി. 

2016 ഓഗസ്റ്റ് ആറിനാണ് വി.എസ്.അച്യുതാനന്ദനെ ചെയര്‍മാനാക്കി സര്‍ക്കാര്‍ ഭരണപരിഷ്കാര കമ്മിഷന്‍ രൂപീകരിച്ചത്. വി.എസിനു പുറമെ കമ്മിഷനില്‍ രണ്ട് അംഗങ്ങളും ഒരു മെമ്പര്‍ സെക്രട്ടറിയാണുള്ളത്. ഇതിനു പുറമെ അഡീഷണല്‍ ചീഫ് സെക്രട്ടറിയടക്കം 30 പേര്‍ സ്റ്റാഫ് ലിസ്റ്റിലുണ്ട്. ഇതില്‍ 14 പേര്‍ വി.എസിന്റെ സേവനത്തിനുവേണ്ടിമാത്രം നിയോഗിക്കപ്പെട്ടവരാണ്.  പ്രവര്‍ത്തനം തുടങ്ങി മൂന്നാം വര്‍ഷത്തിലേക്ക് അടുക്കുന്ന കമ്മിഷന്‍ സര്‍ക്കാരിന് ഇതുവരെ സമര്‍പ്പിച്ചത് മൂന്നേ മുന്ന് റിപ്പോര്‍ട്ടുകള്‍ മാത്രം. 1. വിജിലന്‍സ് സംവിധാനത്തിലെ പരിഷ്കരണം 2. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ 3. ക്ഷേമപ്രവര്‍ത്തനങ്ങള്‍ മുതല്‍ അവകാശങ്ങള്‍വരെയുള്ള നിയമനിര്‍മാണത്തിന് ഉദ്യോഗസ്ഥര്‍ക്ക് നല്‍കേണ്ട പരിശീലനം എന്നിവ. കമ്മിഷന്റെ ധൂര്‍ത്ത് വ്യക്തമാക്കുന്ന കണക്കുകള്‍ ഇങ്ങനെ..ഇതുവരെ ചെലവായ തുക 5,90,29,789 രൂപ വി.എസ്. ഈ ജൂണ്‍ വരെ ശമ്പളമായി കൈപ്പറ്റിയത് 23, 43,788 രൂപ , യാത്രാപ്പടി 5,51,861 രൂപ. ഇതിനു പുറമെ മറ്റ് അംഗങ്ങളടെ ശമ്പളവും, യാത്രാപ്പടിയും, ഇന്ധന അലവന്‍സും വേറെ. 

വിജിലന്‍സ് പരിഷ്കാരം ഉള്‍പ്പെടെ നാല് റിപ്പോര്‍ട്ടുകള്‍ ഭരണപരിഷ്കാര കമ്മിഷന്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നായിരുന്നു ജാനുവരിയല്‍ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്