പിറ‌ന്നാളിന് വരാനായില്ല, ഗൗരിയമ്മയെ കാണാന്‍ വി.എസ് എത്തി

പത്തുവര്‍ഷത്തിന്റെ ഇടവേള മുറിച്ച് ഗൗരിയമ്മയെ കാണാന്‍ വി.എസ് അച്യുതാനന്ദന്‍ ആലപ്പുഴയിലെ വീട്ടിലെത്തി. നൂറ്റിയൊന്നാം പിറന്നാളിന് വരാനാകാതെ പോയതിനാലാണ് ഈ വരവെന്ന് വി.എസ് പറഞ്ഞു. സമ്മാനങ്ങളൊന്നുമില്ലാതെ വന്ന വി.എസിനൊപ്പം പാര്‍ട്ടിനേതാക്കളും ഉണ്ടായിരുന്നില്ല

വി.എസ് പതിവുപോലെ നമസ്കാരം പറഞ്ഞു. ഗൗരിയമ്മ ചിരിച്ചു. രാജ്യത്തെ തന്നെ തലമുതിര്‍ന്ന രണ്ടു കമ്മ്യൂണിസ്റ്റുകളുടെ കൂടിക്കാണലാണ്. ഗൗരിയമ്മയ്ക്ക് സംശയം. ആരാണ് മൂത്തയാള്‍. ഞാന്‍ ഇളയവനെന്ന് വി.എസ്

മുന്‍മുഖ്യമന്ത്രിയാണ് എന്തെങ്കിലും കഴിക്കാന്‍ കൊടുക്കാന്‍ വീട്ടുജോലിക്കാരിയോട് ഗൗരിയമ്മ. പിറന്നാളിന് വന്നാലെ സദ്യ ഉണ്ണാനാകൂവെന്ന് വിഎസിന് മുന്നറിയിപ്പ്. പിന്നെ നല്‍കിയത് ലഡു. ആ മധുരം പതിവില്ലാതെ നുകര്‍ന്നു വി.എസ്.

എവിടെനിന്നു വരുന്നു, എങ്ങോട്ട് പോകുന്നു, എവിടെ താമസിക്കുന്നു, ഭാര്യ സുഖമായിരിക്കുന്നോ എന്നെല്ലാം വി.എസിനോട് തിരക്കി.. അധികം വൈകാതെ, സന്തോഷത്തോടെ ഇറങ്ങട്ടെയെന്ന് വി.എസ്. ഞാന്‍ എഴുന്നേല്‍ക്കണോ എന്ന് ഗൗരിയമ്മ. വേണ്ടെന്ന് മറുപടി. ആലപ്പുഴ കേരളരാഷ്ട്രീയത്തിന് നല്‍കിയ രണ്ടു വിപ്ലവനക്ഷത്രങ്ങളുടെ കൂടിക്കാഴ്ച, രാഷ്ട്രീയം പറയാതെ, വിപ്ലവ ഓര്‍മകള്‍ക്ക് തീപ്പിടിക്കാതെ ചിരിച്ചും പറഞ്ഞും അവസാനിച്ചു.