സിപിഐ സമ്മേളനത്തിന് നാളെ തുടക്കം

സുപ്രധാനമായ രാഷ്ട്രീയവിഷയങ്ങളില്‍  സി പി എം വിരുദ്ധനിലപാടുകള്‍ക്ക്  അംഗീകാരം  തേടി സി പി ഐയുടെ സംസ്ഥാനസമ്മേളനത്തിന്  നാളെ  മലപ്പുറത്ത്  കൊടിയേറും.  ബി ജെ പി വിരുദ്ധസഖ്യത്തിന്റെ രാഷട്രീയസ്വഭാവം , സംസ്ഥാനത്ത്  ഇടതുമുന്നണിവിപുലീകരണം , പിണറായിസര്‍ക്കാറിന്റെ  പ്രകടനം  തുടങ്ങിയ വിഷയങ്ങളില്‍  സമ്മേളനപ്രതിനധികള്‍  ഇതേവരെയുളള  പാര്‍ട്ടിനിലപാടുകള്‍ക്ക് അംഗീകാരം  നല്‍കും.  ഇതേ നിലപാടുകള്‍  കൊല്ലത്ത്  നിശ്ചയിച്ചിരിക്കുന്ന  പാര്‍ട്ടി കോണ്‍ഗ്രസിലും  ആവര്‍ത്തിക്കും. 

 രാഷ്ട്രീയം  വേറെ  , തിര്ഞ്ഞെടുപ്പ്  അടവുനയം  വേറെ എന്ന  പ്രഖ്യാപിതകമ്യൂണിസ്റ്റ് നിലപാടില്‍  സി പി  ഐ ഉറച്ചുനില്‍ക്കും.  എന്നുവെച്ചാല്‍  , കോണ്‍ഗ്രസ്  രാഷ്ട്രീയശത്രുവായിരിക്കെതന്നെ   മുഖ്യശത്രുവായ  ബി ജെ  പിയെ  നേരിടാന്‍  തിര്ഞ്ഞെടുപ്പുകളില്‍  കോണ്‍ഗ്രസ് സഖ്യമാവാമെന്ന   അടവുനയത്തിനൊപ്പം  സി പി ഐ നിലക്കൊളളും. 

ഏകാംഗ എം പിയുടെ തണലില്‍  ദേശീയപാര്‍ട്ടിയെന്ന അംഗീകാരം ആടിനില്‍ക്കുന്ന  പാര്‍ട്ടിക്ക്   വരും  തിരഞ്ഞെടുപ്പുകള്‍  നിര്‍ണായകമാണെന്ന  ബോധ്യവും  സി പി ഐക്കുണ്ട്. പഴയ കോണ്‍ഗ്രസ്  ബാന്ധവത്തിന്‍റെ  മധുരസ്മരണകളിലാണ്   സി പി ഐയെന്ന   സി പി എം ആരോപണത്തിന്  മറുപടിയും  മലപ്പുറത്തുണ്ടാവും.  കേരള കോണ്‍ഗ്രസ് മാണിയെ തളളണമോ  കൊള്ളണമോയെന്ന വിഷയത്തില്‍  പാര്‍ട്ടിയില്‍  രണ്ട്  അഭിപ്രായമില്ല.  മാണി അഴിമതിക്കാരന്‍  തന്നെയാണെന്നും  ,  അഴിമതിവിരുദ്ധവോട്ടുകളുടെ പിന്‍ബലത്തിലാണ്   മുന്നണി അധികാരത്തിലെത്തിയതെന്നുമുള്ള  നിലപാടിന് ഇളക്കമില്ലാത്ത പിന്തുണ മലപ്പുറം സമ്മേളനത്തിലുണ്ടാവും. 

ഒപ്പം ,  വീരേന്ദ്രകുമാറിന്റെ ജനതാദളിനെ ചേര്‍ത്തുള്ള  ഇടതുമുന്നണി വിപുലീകരണത്തിനും  മലപ്പുറത്ത് പച്ചക്കൊടി  ഉയരും. സി പി  ഐ മന്ത്രിമാര്‍  കഴിവുകെട്ടവരെന്ന  സി പി എം  സംസ്ഥാനസമ്മേളനത്തിലെ  പരാമര്‍ശങ്ങള്‍ക്ക്   മല്പ്പുറം സമ്മേളനത്തില്‍  പ്രത്യക്ഷത്തിലുളള മറുപടിയുണ്ടാവില്ല.  എന്നാല്‍  , പാര്‍ട്ടിയുടെ  രണ്ടുമന്ത്രിമാരുടെയെങ്കിലും  പ്രകടനം വിമര്‍ശനബുദ്ധിയോടെ  വിലയിരുത്തുന്ന പരാമര്‍ശങ്ങള്‍  സമ്മേളനപ്രതിനിധികള്‍ ഉയര്‍ത്തുമെന്ന്  ഉറപ്പ് . സംഘടനാതലത്തില്‍ സംസ്ഥാനകൗണ്‍സിലില്‍ കാര്യമായ  പുനസംഘടനയുണ്ടാവില്ല. സെക്രട്ടറിസ്ഥാനത്ത്  കാനംരാജേന്ദ്രന്  രണ്ടാമൂഴവും ഉറപ്പ്  

MORE IN KERALA