തടവുകാരെ എഴുത്തും വായനയും പഠിപ്പിച്ച് സാക്ഷരത പരീക്ഷ

ജയിലിലെ തടവുകാരെ എഴുത്തും വായനയും പഠിപ്പിച്ച് സാക്ഷരത പരീക്ഷ. ജയില്‍ ജ്യോതി പദ്ധതി പ്രകാരം ആദ്യമായി നടത്തിയ സാക്ഷരതാ പരീക്ഷയില്‍ 298 തടവ് പുള്ളികള്‍ പരീക്ഷയെഴുതി. 

ഇന്ന് ഇവര്‍ വെറും ജയില്‍ പുള്ളികളായിരുന്നില്ല. പരീക്ഷാര്‍ത്ഥികളാണ്. പ്രാര്‍ത്ഥനയോടെ ചോദ്യപേപ്പര്‍ വായിച്ച്....ആലോചിച്ച് ഉറച്ച് ഉത്തരമെഴുതുന്ന വിദ്യാര്‍ത്ഥികള്‍. തടവുകാരെ എല്ലാവരെയും എഴുത്തും വായനയും പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സാക്ഷരതാ മിഷനും ജയില്‍ വകുപ്പും ചേര്‍ന്ന് നടപ്പിലാക്കുന്ന ജയില്‍ ജ്യോതി പദ്ധതി പ്രകാരമുള്ള ആദ്യ പരീക്ഷയാണ്.  പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 59 പേരടക്കം സംസ്ഥാനത്താകെ 298 പേര്‍ പരീക്ഷയെഴുതി. തടവുകാരെ എഴുത്തും വായനയും പഠിപ്പിച്ചതും തടവുകാര്‍ തന്നെയായിരുന്നു.

വായന, എഴുത്ത്, കണക്ക് എന്നിങ്ങിനെ മൂന്ന് വിഭാഗങ്ങളിലായി നൂറ് മാര്‍ക്കിലാണ് പരീക്ഷ. മുപ്പത് മാര്‍ക്കെങ്കിലും വേണം ജയിക്കാന്‍. ജയിക്കുന്നവര്‍ നാലാംതരം തുല്യതാ പരീക്ഷയ്ക്ക് യോഗ്യത നേടും. അതിനെല്ലാം അപ്പുറം വൈകിയെങ്കിലും എഴുത്തും വായനയും പഠിക്കുകയെന്ന ആഗ്രഹത്തോടെയാണ് എഴുപത്തഞ്ച് വയസായ പ്രതികളടക്കം പരീക്ഷയില്‍ പങ്കെടുത്തത്.