മീനിലെ വിഷാംശം വീട്ടിലിരുന്ന് പരിശോധിക്കാം

കടകളില്‍ നിന്ന് വാങ്ങുന്ന മത്സ്യങ്ങളില്‍ വിഷാംശമുണ്ടോയെന്ന് ഇനി വീട്ടിലിരുന്ന് പരിശോധിക്കാം. പരിശോധനയുടെ കിറ്റ് ഫിഷറീസ് വകുപ്പ് പുറത്തിറക്കി. സംസ്ഥാനത്ത് വില്‍ക്കുന്ന പതിനെട്ട് ശതമാനം മല്‍സ്യങ്ങളിലും മാരകവിഷാംശമെന്ന് ഏറ്റവും പുതിയ പഠനത്തിലും കണ്ടെത്തിയതോടെയാണ് നടപടി.

പെടപെടക്കുന്ന മീനെന്ന് കരുതി വാങ്ങുന്നവയും വിഷം നിറഞ്ഞവയാണെന്നാണ് അടുത്തിടെ നടത്തിയ പഠനങ്ങളും തെളിയിക്കുന്നത്. കേന്ദ്ര മല്‍സ്യ സാങ്കേതിക സ്ഥാപനം നടത്തിയ പരിശോധനയില്‍ 18 ശതമാനത്തിലും ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ മുപ്പത് ശതമാനത്തിലും വിഷാംശം കണ്ടെത്തി. ഇതോടെയാണ് ഇവ എളുപ്പത്തില്‍ കണ്ടുപിടിക്കാനുള്ള സിഫ്ടെസ്റ്റ് കൊച്ചിയിലെ കേന്ദ്ര മല്‍സ്യ സാങ്കേതിക സ്ഥാപനം വികസിപ്പിച്ചെടുത്തത്. ഫോര്‍മാല്‍ഡിഹൈഡും അമോണിയയും കണ്ടെത്താനുള്ള പരിശോധനയാണ്. എളുപ്പമാണ് കാര്യങ്ങള്‍. കിറ്റിനുള്ളിലെ പേപ്പര്‍ സ്ട്രിപ്പ് മീനിന്റെ പുറത്ത് ഉരസുക , തുടര്‍ന്ന് കിറ്റിനൊപ്പമുള്ള ലായനി പേപ്പറില്‍ ഒഴിക്കുക, പേപ്പറിന്റെ നിറം മാറുന്നുണ്ടങ്കില്‍ വിഷമുണ്ട്. മന്ത്രിയുടെ നേതൃത്വത്തില്‍ പാളയം മാര്‍ക്കറ്റിലെത്തി ആദ്യ പരിശോധന വിജയകരമായി നടപ്പാക്കി.

അമ്പത് മീനുകള്‍ പരിശോധിക്കാവുന്ന ഒരു കിറ്റിന് വെറും നൂറു രൂപയാണ്. ഫിഷറീസ് വകുപ്പിന്റെ സ്ഥാപനങ്ങളില്‍ നിന്ന് വാങ്ങാം. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കരാര്‍ നല്‍കി വാണീജ്യാടിസ്ഥാനത്തിലുള്ള വില്‍പ്പന ഉടന്‍ തുടങ്ങും. കൂടാതെ  ഈ കിറ്റ് നല്‍കി ഭക്ഷ്യസുരക്ഷാ വിഭാഗത്തെ ഉപയോഗിച്ച് മാര്‍ക്കറ്റുകളിലെത്തി വിഷമല്‍സ്യങ്ങള്‍ പിടികൂടാനും ആലോചനയുണ്ട്.