കാർഷികമേഖല വൻ പ്രതിസന്ധിയിൽ

സംസ്ഥാനത്തിന്റെ കാര്‍ഷികമേഖല ഗുരുതരാവസ്ഥയിലെന്ന് കണക്കുകള്‍. റബര്‍ ഒഴികെ എല്ലാ വിളകളുടെയും ഉല്‍പാദനം കുറഞ്ഞു. നെല്‍കൃഷിയും നാളികേരകൃഷിയും പ്രോല്‍സാഹിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും കൃഷിഭൂമിയുടെയും ഉല്‍പാദനത്തിന്റെയും അളവ് വന്‍തോതില്‍ കുറ‍ഞ്ഞെന്നും ആസൂത്രണ ബോര്‍ഡിന്റെ അവലോകനം വ്യക്തമാക്കുന്നു.

റബര്‍ ഒഴികെയുള്ള വിളകള്‍ക്കെല്ലാം സംസ്ഥാനത്ത് കഷ്ടകാലമാണ്.  കഴിഞ്ഞ സാമ്പത്തികവര്‍ഷം 550840 ഹെക്ടറില്‍ നിന്ന് റബര്‍ 551050 ഹെക്ടര്‍ ഭൂമിയിലേക്ക് വ്യാപിച്ചു. ഉല്‍പാദനം 438630 മെട്രിക് ടണ്ണില്‍ നിന്ന് 540400 മെട്രിക് ടണ്ണിലേക്കും ഉയര്‍ന്നു. എന്നാല്‍ മറ്റെല്ലാ വിളകളുടെയും കൃഷിയും ഉല്‍പാദനവും കുറയുകയാണ് ചെയ്തത്. 25472 ഹെക്ടര്‍ ഭൂമിയിലെ നെല്‍കൃഷിയാണ് ഒറ്റ വര്‍ഷം കൊണ്ട് ഇല്ലാതായത്. നെല്ല് ഉല്‍പാദനത്തിലും 112163 മെട്രിക് ടണ്ണിന്റെ വന്‍ കുറവുണ്ടായി. 

8728 ഹെക്ടറിലെ നാളികേരകൃഷിയും അപ്രത്യക്ഷമായി. നാളികേര ഉല്‍പാദനത്തിലുണ്ടായത് 494 മെട്രിക് ടണിന്റെ കുറവ്. നേന്ത്രവാഴയിലും കൃഷിയുടെ  വിസ്തീര്‍ണവും ഉല്‍പാദനവും കുറഞ്ഞു. ഏലം, കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ ഉല്‍പാദനം കുറ‍ഞ്ഞത് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് തന്നെ ഭീഷണിയാണെന്ന് വിലയിരുത്തപ്പെടുന്നു.