മേലുദ്യോഗസ്ഥരുടെ പീഡനം: സി.ഐ.എസ്.എഫ് കോണ്‍സ്റ്റബിള്‍ നിരാഹാര സമരത്തിൽ

മലയാളിയായ സി.ഐ.എസ്.എഫ് കോണ്‍സ്റ്റബിള്‍ ചെന്നൈയില്‍ 50 ദിവസമായി നിരാഹാര സമരത്തില്‍. മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണ് തൃശൂര്‍ സ്വദേശിയായ പ്രമോദിന്‍റെ സമരം. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തിരുത്തി അയോഗ്യനാക്കാന്‍ ശ്രമിച്ചെന്നും അമ്മയുടെ കാന്‍സര്‍ ചികിത്സക്കായി ചിലവഴിച്ച തുക പോലും റീ ഇംബേഴ്സ് ചെയ്തില്ലെന്നും പ്രമോദ് പറയുന്നു. വകുപ്പുതല അന്വേഷണം നടക്കുന്നുണ്ടെന്നാണ് സി.ഐ.എസ്.എഫിന്‍റെ വിശദീകരണം. 

മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം നടത്തി മാനസിക പ്രശനങ്ങളുണ്ടെന്ന് വരുത്താന്‍ ശ്രമം. സര്‍വീസ് ബുക്കില്‍ ഒപ്പും മറ്റ് വിവരങ്ങളും തിരുത്തി പ്രമോഷന്‍നും മറ്റ് ആനുകൂല്യങ്ങളും തടയുന്നു. അമ്മയുടെയും ഭാര്യയുടെയും മെഡിക്കല്‍ ബില്ലുകള്‍ അകാരണമായി തടഞ്ഞുവെച്ചു. കാരണം കാണിക്കാതെ സസ്പെന്‍റ് ചെയ്തു. പ്രമോദിന്‍റെ ആരോപണങ്ങള്‍ ഇങ്ങനെ. 

പ്രശ്നം പരിഹരിക്കണമെന്ന് രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ഓഫിസുകള്‍ നിര്‍ദേശിച്ചിട്ടും തീരുമാനമുണ്ടായില്ല. ചെന്നൈ മണലി സി.ഐ.എസ്.എഫ് കോട്ടേഴ്സിലാണ് പ്രമോദിപ്പോള്‍. കാന്‍സര്‍ രോഗിയായ അമ്മയെ പരിചരിക്കാന്‍ കേരളത്തിലേക്ക് മാറ്റം വേണമെന്ന ന്യായമായ ആവശ്യം പോലും സി.ഐ.എസ്.എഫ് അനുവദിക്കുന്നില്ല എന്നതാണ് ദുഖകരം. ഇന്ന് പ്രമോദ് എഴുന്നേറ്റ് നില്‍ക്കുന്നുണ്ട്. സമരം തുടര്‍ന്നാല്‍ നാളെ അതിന് കഴിഞ്ഞെന്ന് വരില്ല. 

MORE IN KERALA