സമൂഹത്തിലെ കൊള്ളരുതായ്മക്കെതിരെ വനിതാ പൊലീസിന്റെ 'അനന്തരം ആനി'

സമൂഹത്തിലെ കൊള്ളരുതായ്മക്കെതിരെ പ്രതികരിക്കാതിരിക്കരുതെന്ന് ഓര്‍മപ്പെടുത്തി വനിതാ പൊലീസ് കൂട്ടായ്മയുടെ നാടകം. അനന്തരം ആനി എന്ന നാടകത്തില്‍ മുഴുവന്‍ കഥാപാത്രങ്ങളും കോഴിക്കോട് റൂറല്‍ വനിത സെല്ലിലെ ഓഫിസര്‍മാരും അവരുടെ മക്കളുമാണ്. കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് കോഴിക്കോട് ടൗണ്‍ഹാളില്‍ നാടകം അവതരിപ്പിച്ചത്. 

വിവാഹ വാഗ്ദാനം നല്‍കി സൗഹൃദം കൂടിയ യുവാവ് മനസിന് പകരം ആഗ്രഹിച്ചത് ശരീരമെന്ന് തിരിച്ചറിയാന്‍ വൈകിയ പെണ്‍കുട്ടി.  നവമാധ്യമങ്ങളിലൂടെ തന്റെ നഗ്നശരീരം മറ്റുള്ളവരിലേക്കെത്തിയെന്ന് തിരിച്ചറിയുമ്പോള്‍ റയില്‍പാളത്തില്‍ ജീവിതമൊടുക്കാനൊരുങ്ങുന്നു.  ആനിയെന്ന സിവില്‍ പൊലീസ് ഓഫിസറുടെ വാക്കുകള്‍ അവളെ ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ സഹായിച്ചു. അഞ്ചുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന ലഹരിക്കടിമയായ സ്വന്തം മകനെ പൊലീസിലേല്‍പ്പിക്കുന്ന അമ്മ. അങ്ങനെ ആനിയിലൂടെ നിരവധി പെണ്‍ജീവിതങ്ങള്‍ പ്രതികരിക്കേണ്ടവരെന്ന് തിരിച്ചറിയുന്നു. 

റൂറല്‍ വനിത സെല്ലിന്റെ നാടകാവതരണം മൂന്ന് വേദി പിന്നിട്ടു. ഔദ്യോഗിക തിരക്കിനിടയിലും സ്കൂളുകളിലും ക്ലബ്ബുകളിലും സമൂഹ കൂട്ടായ്മയിലും നാടകം അവതരിപ്പിക്കുന്നതിനാണ് തീരുമാനം.