രാഷ്ട്രീയ കൊലകൾക്കെതിരെ ടൊവിനോ; തമ്മിൽ വെട്ടിക്കൊല്ലാതെ സ്നേഹിച്ചു ജീവിച്ചുകൂടെ

രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ ശക്തമായ നിലപാടെടുത്ത് നടൻ ടൊവിനോ തോമസ്.പേരാവൂർ കോമ്മേരിയിൽ കൊല്ലപ്പെട്ട എബിവിപി പ്രവർത്തകൻ  ചിറ്റാരിപറമ്പ് സ്വദേശി ശ്യാം പ്രസാദിനൊപ്പമുളള ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്ക്‌വെച്ചു കൊണ്ടായിരുന്നു ടൊവിനോ രാഷ്ട്രീയ കൊലപാതകങ്ങളെ തുറന്ന് എതിർത്തത്. മായാനദിയുടെ ക്ലൈമാക്സ് ചിത്രീകരണം നടന്നു കൊണ്ടിരിക്കെ ടൊവിനോയുമൊത്ത് ശ്യാം എടുത്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്ക് വെച്ചുകൊണ്ടായിരുന്നു ടൊവിനോയുടെ ധീരമായ തുറന്നു പറച്ചിൽ.

ശ്യാംപ്രസാദ് സിപിഎം പ്രവർത്തകൻ പ്രേമൻ കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതിയാണ് എന്ന കമന്റുകളിലെ ഓർമ്മപ്പെടുത്തലുകൾക്ക് ഒരു രാഷ്ട്രീയ കൊലപാതകവും ഒരു കാരണവശാലും ന്യായികരിക്കപ്പെട്ടു കൂടാ. പ്രേമൻ എന്ന വ്യക്തിയുടെ കൊലപാതകം ഉൾപ്പെടെയെന്നും ടൊവിനോ കുറിക്കുന്നു. 

ഒരുമിച്ചൊരു സെൽഫി എടുത്തു എന്നല്ലാതെ ഞാനുമായി പ്രത്യേകിച്ച് ഒരു ബന്ധവുമില്ലാത്ത യുവാവിന്റെ മരണവാർത്ത എന്റെ ഉറക്കം കെടുത്തുത്തുവെന്നും 

ആരായാലും എന്തിന്റെ പേരിലായാലും ഒരു മനുഷ്യന് എങ്ങനെയാണ് വേറൊരാളെ കൊല്ലാൻ കഴിയുന്നതെന്നും ടൊവിനോ കുറിക്കുന്നു. മനുഷ്യന്റെ well being ന് വേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ള infrastructures തന്നെ മനുഷ്യനെ കൊല്ലുന്നു .ശപിക്കപ്പെട്ട ഒരു ലോകത്തിലാണ് ജീവിക്കുന്നത് എന്ന് തോന്നിപ്പോകുന്നു .

തമ്മിൽ വെട്ടിക്കൊല്ലുന്നതിനേക്കാൾ എത്രയോ അനായാസമായ കാര്യമാണ് തമ്മിൽ സ്നേഹിച്ചു സന്തോഷത്തോടെ ജീവിക്കുന്നത് ! ടൊവിനോ പറയുന്നു.

കണ്ണൂർ പേരാവൂർ കൊമ്മേരിയിൽ ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് എബിവിപി പ്രവർത്തകനായ ശ്യാംപ്രസാദിനെ അജ്ഞാതസംഘം വെട്ടിക്കൊലപ്പെടുത്തിയത് . കാക്കയങ്ങാട് പ്രവർത്തിക്കുന്ന പേരാവൂർ ഗവൺമെന്റ് ഐടിഐ വിദ്യാർഥികൂടിയാണ് ശ്യാം പ്രസാദ്. അക്രമവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പ്രവർത്തകരായ നാലംഗ സംഘത്തെ വയനാട് തലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിൽ ശനിയാഴ്ച ഹർത്താലിനും ബിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്.

വൈകുന്നേരം നാലേമുക്കാലോടെ കൊമ്മേരി ആടുഫാമിന് സമീപത്തുവെച്ച് കാറിലെത്തിയ മുഖംമൂടിധാരികളായ സംഘം ശ്യാം പ്രസാദിന്റെ ബൈക്ക് തടഞ്ഞു നിറുത്തി വെട്ടുകയായിരുന്നു. വെട്ടേറ്റ ശ്യാം സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്നാലെയെത്തിയ സംഘം വീണ്ടും വെട്ടി. ബഹളം കേട്ട് തൊഴിലുറപ്പു ജോലിക്കാർ ഓടിയെത്തിയെങ്കിലും ആയുധം കാണിച്ച് അക്രമിസംഘം ഭീഷണിപ്പെടുത്തി. സംഘം കാറിൽ കയറി പോയതിനുശേഷം നാട്ടുകാർ ചേർന്ന് ശ്യാമിനെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  കാറിൽ സഞ്ചരിക്കുകയായിരുന്ന എസ്ഡിപിഐ പ്രവർത്തകരായ നാലംഗ സംഘത്തെ വയനാട് തലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.