കള്ളവണ്ടി കയറിവർ മുതൽ ക്രിമിനല്‍ കേസ് പ്രതികള്‍വരെ...വിദേശികളുടെ ഒളിയിടമായി കേരളം മാറുന്നു!

സംസ്ഥാനത്ത് അനധികൃതമായി ജോലിചെയ്യുന്ന അന്യരാജ്യക്കാരുടെ എണ്ണം കൂടുന്നു. വീസയോ അനുബന്ധ രേഖകളോ ഇല്ലാതെ താമസിക്കുന്ന ഇവരെ കണ്ടെത്താനോ തിരിച്ചയയ്ക്കാനോ സംവിധാനവുമില്ല. ക്രിമിനല്‍ കേസുകളില്‍ പ്രതികളായി ഒളിവില്‍കഴിയുന്നവരും ഇവര്‍ക്കിടയിലുണ്ട്. മനോരമ ന്യൂസ് അന്വേഷണം. 

ഇത് ലാല്‍കുമാര്‍ ബഹദൂര്‍. സ്വദേശം മ്യാന്‍മര്‍. ജോലി കോടഞ്ചേരിയിലെ കോഴിക്കടയില്‍. ഇരുപത്താറുകാരനായ ലാല്‍ ബഹദൂര്‍ പതിനഞ്ചാം വയസില്‍കള്ളവണ്ടി കയറി ഇന്ത്യയിലെത്തിയതാണ്. പല സംസ്ഥാനങ്ങളിലും ജോലിചെയ്തു. പൊലീസ് പരിശോധന കാരണമാണ് പലയിടത്തും നിന്ന് സ്ഥലം വിടേണ്ടിവന്നത്. ഒടുവില്‍കേരളത്തിലെത്തി. ഇപ്പോള്‍സ്വസ്ഥം. പൊലീസുമില്ല, പരിശോധനയുമില്ല. സുരേഷ് കുമാര്‍ എന്ന പേരിലാണ് കേരളത്തിലെ താമസം. 

നേപ്പാള്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണ് അനധികൃത താമസക്കാരില്‍ഏറെയും. ഗുരുതരമായ ക്രിമിനല്‍കുറ്റങ്ങള്‍‍ചെയ്തശേഷം നാടുവിട്ടവരും ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ഇവരെ കണ്ടെത്തുന്നതും തിരിച്ചയയ്ക്കുന്നതും എളുപ്പമല്ലെന്നാണ് പൊലിസിന്റെ നിലപാട്. കേരളത്തിലുള്ള ലക്ഷക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികളില്‍നിന്ന് വിദേശ തൊഴിലാളികളെ ‍തിരിച്ചറിയുകയാണ് പൊലിസിനു മുന്നിലുള്ള വെല്ലുവിളി.