ടിക്കറ്റ് ചോദിച്ചതിന് ടിടിഇയെ അതിഥിത്തൊഴിലാളികള്‍ മര്‍ദിച്ചു; ഫോൺ പുറത്തേക്കെറിഞ്ഞു

ടിക്കറ്റെടുക്കാതെ യാത്ര ചെയ്ത അതിഥി തൊഴിലാളികള്‍ ടി.ടി.ഇയെ മര്‍ദ്ദിച്ചു. ബംഗാളികളായ രണ്ടു യാത്രക്കാരെ തൃശൂരില്‍ റയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. എറണാകുളം-ഹൗറ എക്സ്പ്രസ് ട്രെയിനിലെ ടി.ടി.ഇ: പെരുമ്പാവൂര്‍ സ്വദേശി ബെസിയാണ് ആക്രമിക്കപ്പെട്ടത്. ട്രെയിന്‍ ആലുവയ്ക്കും തൃശൂരിനും മധ്യേ ഓടികൊണ്ടിരിക്കുമ്പോഴായിരുന്നു അക്രമം. പത്തു പേരടങ്ങുന്ന ബംഗാളി യാത്രക്കാര്‍ ആക്രമിക്കുകയായിരുന്നു. ടിക്കറ്റെടുക്കാതെ ഇവര്‍ ട്രെയിനില്‍ കയറിയതായിരുന്നു. ട്രെയിന്‍ ആലുവയില്‍ എത്തിയപ്പോഴാണ് യാത്രക്കാരോട് ടിക്കറ്റ് ചോദിച്ചത്. ടിക്കറ്റ് ഇല്ലാത്തതിനാല്‍ പിഴ ഈടാക്കാന്‍ ടി.ടി.ഇ. നടപടി തുടങ്ങി. ഇതിനിടെയായിരുന്നു ആക്രമണം. ടി.ടി.ഇയുടെ മൊബൈല്‍ ഫോണും ചാര്‍ട്ട് പേപ്പറും ബലംപ്രയോഗിച്ച് കൈക്കലാക്കിയ സംഘം ഇതെല്ലാം, ട്രെയിനില്‍ നിന്ന് പുറത്തേയ്ക്കു വലിച്ചെറിഞ്ഞു. ട്രെയിന്‍ തൃശൂരില്‍ എത്തിയ ഉടനെ റയില്‍വേ പൊലീസ് രണ്ടു പേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദേഹാമസകലം മര്‍ദ്ദനമേറ്റ ടി.ടി.ഇയെ ആദ്യം തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികില്‍സയ്ക്കായി പിന്നീട്, കളമശേരി രാജഗിരി ആശുപത്രിയിലേയ്ക്കു മാറ്റി. ടി.ടി.ഇയുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും മര്‍ദ്ദിച്ചതിനും റയില്‍വേ പൊലീസ് കേസെടുത്തു. വിഡിയോ റിപ്പോർട്ട് കാണാം.