‘കേരളത്തിൽ 800 കിട്ടും; ഇവിടെ 200’; കോവിഡ് ഫ്രീ സർട്ടിഫിക്കറ്റിന് ബംഗാളിൽ തിരക്ക്

കോവിഡ് ഫ്രീ സർട്ടിഫിക്കറ്റിനായി ബംഗാളിൽ വൻതിരക്കെന്ന് റിപ്പോർട്ട്. സ്വന്തം നാട്ടിലേക്ക് മടങ്ങി പോയ അതിഥി തൊഴിലാളികളാണ് തിരികെ ജോലി ചെയ്ത സ്ഥലങ്ങളിലേക്ക് പോകാനുള്ള അനുമതി തേടുന്നത്. മുര്‍ഷിദാബാദ് ജില്ലയിലെ തൊഴിലാളികളാണ് ആവശ്യവുമായി ആദ്യം രംഗത്തെത്തിയത്. സര്‍ക്കാര്‍ ഹെല്‍ത്ത് സെന്ററുകളിൽ നിന്നും കോവിഡ് രോഗമില്ല എന്ന സർട്ടിഫിക്കറ്റ് വാങ്ങാനാണ് ഇപ്പോൾ തിരക്കെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 

'കേരളത്തില്‍ എനിക്ക് 800 രൂപ കൂലി ലഭിക്കുന്നു. അതേ ജോലിക്ക് ഇവിടെ 200 രൂപയും. എത്രയും വേഗം എനിക്ക് അവിടെയെത്തണം' ഇവിടെ നിന്നും മടങ്ങിയ അതിഥി തൊഴിലാളികളിൽ ഒരാളായ ഹക്കീംപുരയിലെ ജെഫിക്കുര്‍ ഷെയ്ക്ക് മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരത്തിൽ ഒട്ടേറെ പേരാണ് കോവിഡ് ഫ്രീ സർട്ടിഫിക്കറ്റിനായി എത്തുന്നത്. 

കുടിയേറ്റ തൊഴിലാളികളുടെ തിരിച്ചുപോക്ക് മുഖ്യമന്ത്രി മമതാ ബാനര്‍ജി തടയുകയാണെന്നും സംസ്ഥാനത്ത് തൊഴില്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

ഇതിനിടെ, രാജ്യത്തെ അതിഥി തൊഴിലാളികള്‍ക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രീതി ഇടിഞ്ഞതായി റിപ്പോര്‍ട്ട്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയുണ്ടായ പലായനവും വരുമാനം നിലച്ചതും തൊഴില്‍ നഷ്ടവുമാണ് കാരണം. പ്രമുഖ ബിസിനസ് മാധ്യമസ്ഥാപനമായ ബ്ലൂംബര്‍ഗിന്‍റേതാണ് സര്‍വേ റിപ്പോര്‍ട്ട്. ബിഹാറില്‍ നവംബറില്‍ നിയമസഭാ തിര‍ഞ്ഞെടുപ്പ് നടക്കാനിരിക്കെ അതിഥി തൊഴിലാളികളുടെ അതൃപ്തി ബിജെപിക്ക് കനത്ത വെല്ലുവിളിയായേക്കും. നിതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ ബിജെപി ജെഡിയു ഭരണമാണ് ബിഹാറില്‍.