സംസ്ഥാനബജറ്റില്‍ വസ്തുക്കരം വര്‍ധിപ്പിക്കാന്‍ ആലോചന

സംസ്ഥാനബജറ്റില്‍ വസ്തുക്കരം വര്‍ധിപ്പിക്കാന്‍ ആലോചന. വരുമാനം വര്‍ധിപ്പിക്കുന്നതിനാണ് വസ്തുക്കരം കൂട്ടുന്നത് പരിഗണിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് മനോരമ ന്യൂസിനോട് പറഞ്ഞു. വിവിധ സേവനങ്ങളുടെ ഫീസ് ഉയര്‍ത്തുന്ന കാര്യവും പരിഗണനയിലുണ്ട്. 

30 വര്‍ഷം മുമ്പുള്ളതിനേക്കാള്‍ കുറവാണ് ഇപ്പോള്‍ വസ്തുക്കരമെന്ന് ധനമന്ത്രി ചൂണ്ടിക്കാണിക്കുന്നു. തുച്ഛമായ വരുമാനമാണ് ഈയിനത്തില്‍ ലഭിക്കുന്നത്. 

വിവിധ സേവനങ്ങള്‍ക്കീടാക്കുന്ന ഫീസ് ഉയര്‍ത്തുന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. പല രംഗങ്ങളിയിലെയും യൂസര്‍ ഫീ ഇനത്തിലുള്ള വരുമാനം കുറവാണ്. നിശ്ചിതവരുമാനപരിധിക്ക് മുകളിലുള്ളവര്‍ക്ക് ചില യൂസര്‍ഫീ നിരക്കുകള്‍ വര്‍ധിപ്പിക്കാനാണ് ആലോചന. ഫീസ് വര്‍ധിപ്പിക്കുമ്പോള്‍ എതിര്‍പ്പുകളുണ്ടായേക്കുമെന്ന സാഹചര്യവും ധനവകുപ്പ് പരിഗണിക്കുന്നുണ്ട്. ഇതേസമയം റജിസ്ട്രേഷന്‍ ഫീസും സ്റ്റാംപ് ഡ്യൂട്ടിയും ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തെ കേരളം ശക്തമായി എതിര്‍ക്കുമെന്നും ധനമന്ത്രി പറഞ്ഞു. 

വേണ്ടിവന്നാല്‍ ഇക്കാര്യത്തില്‍ ബി.ജെ.പി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെയും കൂട്ടി നിയമനടപടി സ്വീകരിക്കും.