എന്‍ജിനീയറിങ് പഠനം നിര്‍ത്തിപ്പോകുന്ന വിദ്യാര്‍ഥികള്‍ കോളജുകള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ട

എന്‍ജിനീയറിങ് പഠനം നിര്‍ത്തിപ്പോകുന്ന വിദ്യാര്‍ഥികള്‍ ഇനിമുതല്‍ കോളജുകള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ട. കുട്ടികളുടെ സര്‍ട്ടിഫിക്കറ്റുകളും രേഖകളും പിടിച്ചുവെക്കാന്‍ കോളജുകള്‍ക്ക് അധികാരമില്ല. പിഴ ഈടാക്കുന്നത് നിയമവിരുദ്ധമാക്കുന്ന സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ദീര്‍ഘകാലമായുള്ള ആവശ്യമാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. 

എന്‍ജിനീയറിങ് പഠനം നിറുത്തി മറ്റ് കോഴ്സുകള്‍ക്ക് ചേരുന്നവരും, കോഴ്സിനിടയില്‍ പഠനം അവസാനിപ്പിക്കുന്നവരുമായ വിദ്യാര്‍ഥികള്‍ കോളജിന് 75,000 നഷ്ടപരിഹാരം നല്‍കണം. ആദ്യഅധ്യയന വര്‍ഷം കഴിഞ്ഞാണ് കോഴ്സ് ഉപേക്ഷിക്കുന്നതെങ്കില്‍, കോഴ്സിന്റെ മുഴുവന്‍ ഫീസും അടക്കണം. എങ്കിലെ കോളജുകള്‍ ടിസി ഉള്‍പ്പെടെയുള്ള രേഖകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കൂ. സ്വകാര്യ സ്വാശ്രയ.കോളജുകളെ സഹായിക്കാനായുള്ള ഈ വ്യവസ്ഥക്കെതിരെ കടുത്ത എതിര്‍പ്പ് നിലനില്‍ക്കുകയാണ്. 

ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് ലിക്വിഡേറ്റഡ് ഡാമേജസ് എന്ന വ്യവസ്ഥ പ്രവേശന മാനദണ്ഡങ്ങളില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം.

ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷനും  കുട്ടികളില്‍ നിന്ന് പിഴ ഈടാക്കരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നു. സര്‍ക്കാരിന്റെ പുതിയ ഉത്തരവ് നിലവില്‍ വരുന്നതോടെ പ്രവേശന പരീക്ഷാ കമ്മിഷണര്‍ പ്രവേശനം നടത്തുന്ന കോളജുകളില്‍ ഇനിമുതല്‍ പിഴ ഈടാക്കാനാവില്ല. സംസ്ഥാനത്തെ സ്വാശ്രയ, സര്‍ക്കാര്‍ നിയന്ത്രിത, എയ്ഡഡ് കോളജുകള്‍ക്കെല്ലാം ഈ വ്യവസ്ഥ ബാധകമാണ്. 2017.18 അധ്യന വര്‍ഷം പ്രവേശനം നേടിയവര്‍ക്കും ഉത്തരവ് ബാധകമായിരിക്കും. ഉത്തരവ് നിലവില്‍വരുന്നതോടെ എന്‍ജിനീയറിങ് പ്രവേശന രംഗത്തെ വലിയൊരു ചൂഷണമാണ് അവസാനിക്കുന്നത്.