അത്യാധുനിക ട്രോമ കെയർ ശൃംഖലയ്ക്ക് തുടക്കമാകുന്നു

ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ അത്യാധുനിക ട്രോമ കെയർ ശൃംഖലയ്ക്ക് തുടക്കമാകുന്നു. പൊലീസിന്റേയും സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളുടേയും സഹകരണത്തോടെ വിദേശ മാതൃകയിലാണ് പദ്ധതി ഒരുങ്ങുന്നത്. ആദ്യഘട്ടമായി തിരുവനന്തപുരം നഗരത്തിലെ ട്രോമ കെയര്‍ യൂണിറ്റിന്റെ ഉദ്ഘാടനം ഇരുപത്തിയൊന്നിന് മുഖ്യമന്ത്രി നിര്‍വ്വഹിക്കും. 

കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ മരിച്ച മുരുകന്റെ അവസ്ഥ ഇനിയാര്‍ക്കും ഉണ്ടാകാതിരിക്കാന്‍ ഐ എം എയുടെ ട്രോമകെയര്‍ ശൃംഖല വരുന്നു. തിരുവനന്തപുരം നഗര പരിധിയിലുള്ള പത്ത് ട്രോമാ കെയർ ആശുപത്രികളെയും 98 ആംബുലൻസുകളും ഉൾപ്പെടുത്തിയാണ് തുടക്കം. കേരളത്തിലെ എല്ലാം ആംബുലൻസുകളെയും ഒരു കണ്ണിയിൽ കോർത്തിണക്കാനായി വിപുലമായ കൺട്രോൾ റൂമും ഒരുങ്ങുന്നു. 

അപകടമുണ്ടായാലുടൻ 108 ആംബുലൻസുകളിൽ വിവരമറിയിക്കണം. 108 ലഭ്യമല്ലെങ്കില്‍ 100ൽ വിളിക്കാനായിക്കാനായിരിക്കും നിര്‍ദ്ദേശം. പൊലീസ് കൺട്രോൾ റൂമിൽ ഐഎംഎയുടെ ആധുനിക സോഫ്റ്റ്‍വെയറായ ട്രോമ റെസ്ക്യൂ ഇനിഷ്യേറ്റീവിന്റെ സഹായത്തോടെ സന്ദേശമെത്തും. ആംബുലൻസ് ഡ്രൈവറുടെ മൊബൈലിൽ നൽകിയിരിക്കുന്ന പ്രത്യേക ആപ്ലിക്കേഷനിൽ പൊലീസിന്റെ അലർട്ട് ലഭിക്കും. 

ആംബുലന്‍സ് സര്‍വ്വീസിന് രോഗിയില്‍ നിന്ന് നിശ്ചിത തുക ഈടാക്കും. രോഗിക്ക് ചാർജ് താങ്ങാൻ കഴിയാതെ വന്നാൽ ഐഎംഎ തന്നെ ചെലവ് വഹിക്കും. പൊതുജനങ്ങൾക്ക് ട്രോമാകെയറിലേക്കു നേരിട്ടു ബന്ധപ്പെടാനായി പ്രത്യേക മൊബൈൽ ആപ്പും അണിയറയിൽ ഒരുങ്ങുന്നുണ്ട്.