മക്കൾക്ക് പിന്നാലെ ഭർത്താവും പോയി; മൃതദേഹവുമായി വയോധികയുടെ നെട്ടോട്ടം

ഭര്‍ത്താവിന്‍റെ മൃതദേഹം സംസ്ക്കരിക്കാന്‍ കഴിയാതെ വയോധികയായ ഭാര്യ നെട്ടോട്ടമോടുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ കഴിയുന്ന മൃതദേഹം എന്തു ചെയ്യണമെന്നോ എങ്ങോട്ട് കൊണ്ടുപോകണമെന്നോ എഴുപതുകാരിയായ സിസിലി ജോണ്‍സണ് അറിയില്ല. കോട്ടയത്തുള്ള ബന്ധുക്കളാരെങ്കിലും വിവരമറിഞ്ഞാല്‍ എത്തുമെന്നാണ് പ്രതീക്ഷ. 

കഴിഞ്ഞ ദിവസമാണ് സിസിലിയുടെ 85 കാരനായ ഭര്‍ത്താവ് ജോണ്‍സണ്‍ ജോസഫ് മരിച്ചത്. രണ്ടു വര്‍ഷമായി കോടഞ്ചേരിയിലെ വാടകവീട്ടിലായിരുന്നു ഇരുവരുടെയും താമസം. കൂലിപ്പണിയായിരുന്നു. 20 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കോട്ടയം കറുപ്പന്തറയില്‍ നിന്ന് കോഴിക്കോടെത്തിയത്. ഉണ്ടായിരുന്ന രണ്ട് ആണ്‍മക്കള്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചാലക്കുടി പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ചു. ഇതോടെ വയോധികരായ ദമ്പതികള്‍ ഒറ്റയ്ക്കായി. കോടഞ്ചേരിയിൽ വാടക വീട്ടിലായതിനാൽ പള്ളിയിൽ പേര് റജിസ്റ്റർ ചെയ്തിരുന്നില്ല. അതിനാല്‍ പള്ളി ശ്മശാനത്തില്‍ അടക്കാനാകില്ല. സിസിലിയെ തല്‍ക്കാലത്തേയ്ക്ക് സ്നേഹാലയം ചാരിറ്റബിള്‍ ട്രസ്റ്റിലാക്കിയെങ്കിലും മൃതദേഹത്തിന്‍റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്ക് മുമ്പിലിരുന്ന് മടുത്താണ്  ഓട്ടോ പിടിച്ച് മനോരമ ന്യൂസ് ഓഫിസിലെത്തിയത്.