മരുന്നുകൊളളയ്ക്ക് പിന്നിൽ കൂടുതൽ കൈകൾ; അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

ആലപ്പുഴ കാർത്തികപള്ളി സര്‍ക്കാര്‍ ആയുർവേദ ആശുപത്രിയിലെ മരുന്നുകൊള്ളയ്ക്കു പിന്നിൽ കൂടുതൽപേർ ഉൾപ്പെട്ടതായി സൂചന. മൂന്നുലക്ഷം രൂപയുടെ മരുന്നാണ് ആശുപത്രിയിൽനിന്ന് കടത്തിയതെന്ന്  ഡിഎംഒ നടത്തിയ പരിശോധയിൽ വ്യക്തമായി.

അതിനിടെ ആരോപണ വിധേയയായ ജീവനക്കാരി ആത്മഹത്യ ചെയ്ത കേസ് അന്വേഷിക്കുന്ന തൃക്കുന്നപ്പുഴ എസ്.ഐ യെ പൊടുന്നനെ സ്ഥലംമാറ്റി. 

പ്രാഥമിക പരിശോധനയിൽ മരുന്നുകടത്തു നടന്നതായി കണ്ടെത്തിയിട്ടും, ആറുദിവസം  കഴിഞ്ഞാണ് ഡിഎംഒ സ്റ്റോക്ക് പരിശോധന നടത്തിയത്. ഗ്രാമപഞ്ചായത്ത് വിഹിതം ഉപയോഗിച്ച് വാങ്ങിയ നാലുലക്ഷം രൂപയുടെ മരുന്നുകളിൽ പകുതിയിലധികവും കാണാനില്ല. കഷായം, ലേഹ്യം, കുഴമ്പ്, എന്നിവയ്ക്ക് പുറമെ ഗുളികകളും ആശുപത്രിയിൽനിന്ന് കടത്തിയിട്ടുണ്ട്. കാലി കുപ്പികളിൽ വെള്ളം നിറച്ചുവച്ചാണ് തട്ടിപ്പ് നടത്തിയത്. ഒരു  അബദ്ധം പറ്റിയതാണെന്ന് ആത്മഹത്യ ചെയ്ത താത്കാലിക ജീവനക്കാരി ഗ്രാമപഞ്ചായത് പ്രസിഡന്റിനോട് പറയുന്ന ദൃശ്യങ്ങൾ ഉണ്ടെങ്കിലും, കടത്തിന് പിന്നിൽ കൂടുതൽ പേർ ഉൾപ്പെട്ടതായാണ് സൂചന. സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ ആയുർവേദ കടയിലേക്കാണ് സർക്കാർ ആശുപത്രിയിലെ മരുന്നുകൾ കടത്തിയതെന്ന ആരോപണനത്തിൽ കോൺഗ്രസ്‌ ഉറച്ചു നിൽക്കുകയാണ് 

എന്നാൽ മരുന്ന് കടത്തുനടന്നത് ഡോക്ടറുടെ അറിവോടെയാണ് എന്ന ആരോപണമാണ് സിപിഎം ഉന്നയിക്കുന്നത്. പഞ്ചായത്ത്‌ അംഗങ്ങൾ പരസ്യവിചാരണ നടത്തിയതാണ് അരുണയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും ആരോപിക്കുന്നു. ഈ കേസിൽ അരുണയുടെ ബന്ധുക്കളിൽ നിന്ന് കായംകുളം DYSP 

മൊഴിഎടുത്തു. അതിനിടെ  കേസ് അന്വേഷണത്തിന്റെ ചുമതല ഉണ്ടായിരുന്ന എസ്.ഐ ഷാജിമോനെ സർക്കാർ സ്ഥലം മാറ്റി. മരണ കാരണമായി പഞ്ചായത്ത്‌ അംഗങ്ങളെയും ഡോക്ടറെയും കുറ്റപ്പെടുത്തിയുള്ള കുറിപ്പ് അരുണയുടെ വീട്ടിൽ നിന്ന് ലഭിച്ചതായി സിപിഎം പ്രചരിപ്പിച്ചിരുന്നു. 

പരിശോധനകൾക്ക് ശേഷം മാത്രമേ ഇത്‌ ആത്മഹത്യ കുറിപ്പാണോ എന്ന് തീർപ്പാക്കാൻ ആകു എന്നായിരുന്നു എസ്.ഐ യുടെ നിലപാട്.