ഓഖി ദുരന്തത്തിന് ശേഷവും സുരക്ഷയൊരുക്കാൻ സർക്കാർ നടപടിയില്ല

ഓഖി ദുരന്തശേഷവും കടലില്‍ പോകുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷ ഒരുക്കാന്‍ സര്‍ക്കാര്‍ നടപടിയൊന്നുമില്ല. ബോട്ടുകള്‍ ഉള്‍ക്കടലില്‍ പോകുന്നത് വയര്‍ലെസ് സംവിധാനം അടക്കം യാതൊരു സുരക്ഷാ ക്രമീകരണവുമില്ലാതെ. എത്രപേര്‍ കടലില്‍ പോകുന്നൂവെന്ന് കണക്കെടുക്കാന്‍ പോലും ഫിഷറീസ് വകുപ്പ് തയാറാകുന്നുമില്ല. 

ബാറ്ററി, മണ്ണെണ്ണയും പെട്രോളും.ചോറ്റുപാത്രം, വല, ഐസ് പെട്ടി, രണ്ട് മോട്ടോറുകള്‍ ഇവയാണ് ഫൈബര്‍ ബോട്ടിലുള്ളത്. ഒരു ൈലഫ് ജാക്കറ്റിന്റെ സുരക്ഷപോലുമില്ലാതെയാണ് അറുപത് കിലോമീറ്റര്‍വരെയുള്ള ഉള്‍ക്കടല്‍ യാത്ര. കടലില്‍പെട്ട മല്‍സ്യത്തൊഴിലാളികളുടെ കണക്കിലെ അവ്യക്തതയായിരുന്നു ഓഖി ദുരന്തത്തിന്റെ തീവ്രത കൂട്ടാനിടയാക്കിയ കാരണങ്ങളിലൊന്ന്. ഓഖിക്ക് ശേഷവും എത്ര പേര്‍ കടലില്‍ പോകുന്നൂവെന്ന ഒരു കണക്കും ആരുമെടുക്കുന്നില്ല. 

ചിലര്‍ സ്വന്തം കാശ് മുടക്കി ദിക്കും ദൂരവും അറിയാനുള്ള ജി.പി.എസ് വാങ്ങിയതല്ലാതെ ദുരന്തശേഷവും സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍ ഇതുവരെ ചെറുവിരല്‍ അനക്കിയിട്ടില്ല. ദുരന്തത്തില്‍ നിന്ന് പാഠം പഠിക്കാതിരിക്കുമ്പോള്‍ അപകടത്തിലാണ് മല്‍സ്യത്തൊഴിലാളികളുടെ ഓരോ യാത്രയും.