ഓഖി ദുരന്തം: 300 പേരെ കാണാതായെന്ന് സര്‍ക്കാര്‍

ഓഖി ദുരന്തത്തില്‍ കാണാതായവരെക്കുറിച്ച് ഇതുവരെ പറഞ്ഞ കണക്കുകള്‍ മാറ്റിപ്പറഞ്ഞ് സര്‍ക്കാര്‍. മുന്നൂറുപേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് പൊലീസ്, ഫിഷറീസ്, ദുരന്തനിവാരണ വകുപ്പുകള്‍ അറിയിച്ചു. നാല്‍പത് മൃതദേഹങ്ങള്‍ തിരിച്ചറിയാനുണ്ട്. ആകെ മരണസംഖ്യ പുതിയ കണക്കുപ്രകാരം അറുപതാണ്. 

കാണാതായവരെക്കുറിച്ച് റജിസ്റ്റര്‍ ചെയ്ത എഫ്ഐആറുകളില്‍ മാത്രമുള്ളത് 204 പേര്‍. തിരുവനന്തപുരത്ത് നൂറ്റി എഴുപത്തിരണ്ടും കൊച്ചിയില്‍ മുപ്പത്തിരണ്ടും കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരത്തുനിന്ന് എണ്‍പത്തിമൂന്നുപേരെ കാണാതായതില്‍ ഇതുവരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ല. കൊല്ലം തീരത്തുനിന്ന് പോയ പതിമൂന്ന് തമിഴ്നാട്ടുകാരെക്കുറിച്ചും വിവരമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഇങ്ങനെ ആകെ കണ്ടെത്താനുള്ളത് മുന്നൂറുപേര്‍. 

പൊലീസ്, ഫിഷറീസ്, ദുരന്തനിവാരണവകുപ്പുകള്‍ പുറത്തുവിട്ട കണക്കനുസരിച്ച് കടലില്‍ മുങ്ങിമരിച്ചത് അറുപതുപേര്‍. നാല്‍പ്പത് മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കടലിലെ തിരച്ചില്‍ മന്ദഗതിയില്‍ തുടരുന്നതിനിടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി സര്‍ക്കാര്‍ വകുപ്പുകള്‍ തന്നെ രംഗത്തുവന്നത്. ദുരന്തമുണ്ടായി പതിനെട്ടുദിവസം പിന്നിട്ടശേഷവും മല്‍സ്യത്തൊഴിലാളി കുടുംബങ്ങളുടെ കാത്തിരിപ്പ് അനിശ്ചിതമായി നീളുകയാണ്. മല്‍സ്യത്തൊഴിലാളി സംഘടകളും സഭാനേതൃത്വവും ആദ്യ ആഴ്ച നല്‍കിയ കണക്കുകള്‍ക്കും സര്‍ക്കാര്‍ നടപടിയോടെ ഏറെക്കുറേ സ്ഥിരീകരണമായി.