സര്‍ക്കാരുകള്‍ പാഠം പഠിക്കണം; പൂന്തുറയില്‍ കണ്ണീരൊപ്പി രാഹുല്‍

ഓഖി ചുഴലിക്കാറ്റിൽ ദുരിതം വിതച്ച തീരദേശത്ത് ആശ്വാസവാക്കുകളുമായി നിയുക്ത കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഉൾപ്പടെ ഈ ദുരന്തം പാഠമാകണമെന്നും കേന്ദ്രത്തിൽ ഫിഷറീസ് മന്ത്രാലയം വേണമെന്നും രാഹുൽ പറഞ്ഞു. കന്യാകുമാരിയിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച രാഹുല്‍ മല്‍സ്യത്തൊഴിലാളികളില്‍ നിന്ന് നിവേദനങ്ങളും സ്വീകരിച്ചു.

കടലിൽ കാണാതാവരെ കണ്ടെത്താൻ സഹായഭ്യർഥനയുമായി പൂന്തുറ-വിഴിഞ്ഞം തീരത്ത് നൂറുകണക്കിനാളുകളാണ് രാഹുലിനേ കാത്തിരുന്നത്. മരിച്ചവരുടെ ചിത്രങ്ങളില്‍ ആദരാജ്ഞലി അർപ്പിച്ച രാഹുൽ മൽസ്യതൊഴിലാളികളുടെ ഇടയിലേക്ക‌് വന്ന് അവരുടെ ആവശ്യങ്ങൾ കേട്ടു 

നേരത്തേ എത്താൻ കഴിയാത്തതിന് ക്ഷമ ചോദിച്ച രാഹുൽ ജീവൻ നഷ്ടമായവരേ തിരിച്ചു തരാൻ കഴിയില്ലെങ്കിലുെ തനിക്കാവുന്ന എല്ലാ സഹായവും ചെയ്യുമെന്ന് ഉറപ്പ് നൽകി. കര്‍ഷകരുടെതിന് സമാനമാണ് രാജ്യത്തെ മല്‍സ്യതൊഴിലാളികളുടെ അവസ്ഥ. കടലില്‍ പോകുന്ന മൽസ്യതൊഴിലാളികൾക്ക് കൃത്യമായ ‌മുന്നറിയിപ്പ് നൽകുന്നതിന് ഈ ദുരന്തം ഒരു പാഠമാകണമെന്ന് രാഹുൽ പറഞ്ഞു. രാവിലെ പതിനൊന്നരക്ക് വിമാനത്താവളത്തിലെത്തിയ രാഹുല്‍ ഗാന്ധി പൂന്തുറയും വിഴിഞ്ഞവും സന്ദര്‍ശിച്ച ശേഷം ഹെലികോപ്റ്ററില്‍ കന്യാകുമാരിയിലേ ദുരിതബാധിത പ്രദേശങ്ങളിലെത്തി.