ഓഖി ദുരന്തം; കണ്ടെത്താനാകാതെ ഇരുന്നൂറിലേറെ മല്‍സ്യത്തൊഴിലാളികള്‍

ഓഖി ദുരന്തം വിതച്ച് രണ്ടാഴ്ചയാകുമ്പോളും ഇരുന്നൂറിലേറെ മല്‍സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല. രണ്ട് ദിവസത്തിനിടെ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നതോടെ തീരങ്ങളിലെ അവസാന പ്രതീക്ഷയും നശിക്കുകയാണ്. അതേസമയം തിരികെയെത്താനുള്ളവരുടെ കണക്കിലെ ആശയക്കുഴപ്പം നഷ്ടപരിഹാര വിതരണത്തെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയും ശക്തമാവുന്നു. 

തീരമേഖലയെ സര്‍വനാശത്തിലേക്ക് ചുഴറ്റിയെറിഞ്ഞ ഓഖി വീശിയിട്ട് ഇന്ന് പതിനഞ്ചാം നാള്‍. പട്ടിണിയെ പേടിച്ച് മല്‍സ്യത്തൊഴിലാളികള്‍ വീണ്ടും കടലില്‍ പോയി തുടങ്ങിയെങ്കിലും തീരം ഇനിയും ദുരന്തത്തില്‍ നിന്ന് പൂര്‍ണമായും ഉണര്‍ന്നിട്ടില്ല. വലിയ ബോട്ടില്‍ പോയവരടക്കം 207 പേരെ കണ്ടെത്താനുണ്ടെന്നാണ് ലത്തീന്‍ അതിരൂപതയുടെ കണക്ക്. ഇതില്‍ 98 പേര്‍ ചെറിയ ബോട്ടുകളില്‍ പോയവരാണ്. വലിയ ബോട്ടില്‍ പോയ ചിലരെങ്കിലും രക്ഷപെട്ട് തിരികെയെത്തുന്നുണ്ടങ്കിലും ചെറിയ ബോട്ടുകളില്‍ പോയ ആരെയും കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രക്ഷിക്കാനായിട്ടില്ല. രണ്ട് ദിവസത്തിനിടെ ഇതുപതോളം മൃതദേഹങ്ങള്‍ കണ്ടെത്തുകയും ചെയ്തതോടെ തീരത്ത് കാത്തിരിക്കുന്ന കുടുംബങ്ങളുടെ ആധി ഏറുകയാണ്. അതിനിടെ ഇനിയും രക്ഷിക്കാനുള്ളവരുടെ കണക്കിലെ ആശയക്കുഴപ്പമുണ്ടെന്ന് സര്‍ക്കാരും സമ്മതിക്കുന്നു. എന്നാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. 

വിവിധ ആശുപത്രികളിലായി 40 ലേറെ മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുണ്ട്. കടലില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തി തുടങ്ങിയതോടെ ലക്ഷദ്വീപ്, കോഴിക്കോടന്‍ ഭാഗത്തേക്ക് നേവിയുടെയും കോസ്റ്റ്ഗാര്‍ഡിന്റെയും പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കിയതിനാല്‍ മരണനിരക്ക് വലിയതോതില്‍ ഉയരുെമന്നാണ് വിലയിരുത്തുന്നത്. 

സമയം വൈകുംതോറും തീരത്തെ പ്രതീക്ഷകളും അസ്തമിക്കുകയാണ്. സുനാമിക്ക് ശേഷമുള്ള ഏറ്റവും വലിയ ദുരന്തം നേരിട്ടൂവെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനൊരുങ്ങുകയാണ് തീരം.