ജിഷ കേസ് വിധി; സര്‍ക്കാര്‍ നിലപാടിനുള്ള അംഗീകാരമെന്ന് മുഖ്യമന്ത്രി

ജിഷ വധക്കേസിലെ കോടതി വിധി സ്ത്രീസുരക്ഷയിലെ സർക്കാർ നിലപാടിനുളള ജുഡീഷ്യൽ അംഗീകാരമാണെന്ന് മുഖ്യമന്ത്രി. കേസന്വേഷണത്തെ വിമർശിച്ചവർക്കുളള മറുപടിയാണ് വിധിയെന്നായിരുന്നു അന്വേഷണ സംഘത്തിന് നേതൃത്വം നൽകിയ എഡിജിപി ബി.സന്ധ്യയുടെ പ്രതികരണം. ജിഷയുടെ കുടുംബവും സന്തോഷം പ്രകടിപ്പിച്ചു. 

സമൂഹത്തിന്റെയാകെ ശ്രദ്ധയാകർഷിച്ച കേസിലെ പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിനൽകാൻ കഴിഞ്ഞത് സർക്കാരിൻറെ നേട്ടമായി തന്നെ വ്യാഖാനിച്ചു കൊണ്ടാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. അന്വേഷണ സംഘത്തെയും പബ്ലിക് പ്രോസിക്യൂട്ടറെയും അഭിനന്ദിക്കുകയും ചെയ്തു പിണറായി വിജയൻ. അന്വേഷണത്തെ പിന്തുണച്ചവരോടുളള നന്ദിയറിയിച്ച എഡിജിപി ബി.സന്ധ്യ,വിമർശകർക്കുളള മറുപടിയാണ് വിധിയെന്നും പറഞ്ഞു. 

ഇനിയൊരാൾക്കും ജിഷയുടെ ഗതിയുണ്ടാവരുതെന്നായിരുന്നു ജിഷയുടെ അമ്മ രാജേശ്വരിയുടെ പ്രതികരണം. അർഹമായ ശിക്ഷയെന്ന് സഹോദരി ദീപയും പറഞ്ഞു. അന്വേഷണ സംഘത്തിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും പാരിതോഷികം നല്‍കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹറയും അറിയിച്ചു.