ഞാന്‍ നല്ല സാരിയുടുത്താല്‍ ആര്‍ക്കാണ് പ്രശ്നം..? ട്രോളുകാരോട് ജിഷയുടെ അമ്മ ചോദിക്കുന്നു

‘എന്റെ മകൾ മാനഭംഗത്തിന്റെ ഇരയായി കൊല്ലപ്പെട്ടതിന് ഞാൻ വിവസ്ത്രയായി നടക്കണോ? സാധാരണ എല്ലാ സ്ത്രീകളും ധരിക്കുന്നത് പോലെ സാരിയല്ലാതെ വേറെ എന്താണ് ഞാൻ ഉടുക്കേണ്ടതെന്ന് നിങ്ങൾ പറയൂ...?’ രോഷത്തോടെയുള്ള ചോദ്യം ജിഷയുടെ അമ്മ രാജേശ്വരിയുടേതാണ്. സമൂഹമാധ്യമങ്ങളിൽ ഏതാനും നാളുകളായി രാജേശ്വരിയുടെ മേക്ക്ഓവർ എന്ന പേരിൽ ഏതാനും ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ രാജേശ്വരി രോഷത്തോടെ പ്രതികരിക്കുന്നു. ട്രോളുകളിലും രാജേശ്വരിയാണ് നിറയെ. വിമര്‍ശനങ്ങള്‍ക്ക്, ആക്ഷേപങ്ങള്‍ക്ക് അവര്‍ മറുപടി പറയുന്നു. രാജേശ്വരിയുടെ വാക്കുകൾ ഇങ്ങനെ:

എന്റെ മകളുടെ മരണശേഷം ഞാൻ എവിടേയ്ക്ക് ഇറങ്ങിയാലും അപ്പോൾ മൊബൈലുമായി ആരെങ്കിലുമൊക്കെ വന്ന് ഞാൻ അറിയാതെ ഫോട്ടോ എടുത്തിട്ട് പോകും. ഇപ്പോൾ പ്രചരിക്കുന്ന ചിത്രങ്ങളും ഞാൻ അറിയാതെ എടുത്തതാണ്. ഞാൻ ഡ്രസ് ഡ്രൈക്ലീൻ ചെയ്യാൻ കൊടുക്കുന്നതിന്റെ അടുത്തു തന്നെയാണ് തയ്യൽ കടയും അതിനൊപ്പമുള്ള ബ്യൂട്ടിപാർലറും. കടയിൽ നിന്ന് ഡ്രൈക്ലീൻ ചെയ്ത സെറ്റും പുതിയ ബ്ലൗസ് തയ്ച്ചതും വാങ്ങി, അതും ധരിച്ച് അമ്പലത്തിൽപോകണമായിരുന്നു. അതിനുവേണ്ടിയാണ് ഞാൻ ബ്യൂട്ടിപാർലറിനുള്ളിൽ കയറിയത്. കണ്ണാടി നോക്കിക്കോണ്ടിരിക്കുന്ന സമയത്ത് ആരെല്ലാമോ വന്ന് ഫോട്ടോ എടുക്കുന്നത് കണ്ടിരുന്നു. അവരായിരിക്കും ഈ ചിത്രങ്ങൾ പ്രചരിപ്പിച്ചത്.

സാധാരണ സ്ത്രീകൾ ഉടുക്കുന്ന പോലെ സാരി തന്നെയല്ലേ ഞാനും ധരിച്ചത്? അതല്ലാതെ വേറെ ഏത് വേഷമാണ് ഞാൻ ധരിക്കേണ്ടത്? പണ്ട് മക്കളെ വളർത്തുന്ന തത്രപ്പാടിൽ ഞാൻ എന്റെ കാര്യമൊന്നും ശ്രദ്ധിച്ചിരുന്നില്ല. വെടിപ്പും വൃത്തിയുമായി ഇപ്പോള്‍ നടക്കുന്നത് എന്റെ വ്യക്തിപരമായ കാര്യമാണ്. അതിൽ ആർക്കും കൈകടത്താനാകില്ല. എന്റെ മകൾ മരിച്ചു. അതിന് എത്രമാത്രം ദുഖമുണ്ടെന്ന് എനിക്കും എന്റെ കുഞ്ഞിന്റെ ആത്മാവിനും അറിയാം. അവളുടെ കൊലപാതകിയെ തൂക്കിക്കൊല്ലാൻ വിധിക്കുന്ന ദിവസം കാത്താണ് ഞാൻ കഴിയുന്നത്. എന്റെ വിഷമം മറ്റുള്ളവരെ കാണിച്ചുകൊണ്ട് നടക്കേണ്ട ആവശ്യം ഇല്ല. 

പിന്നെ എനിക്കെതിരെ വരുന്ന മറ്റൊരു ആരോപണം ഞാൻ എന്റെ മകളുടെ മരണത്തിന്റെ പേരിൽ കിട്ടിയ കാശെല്ലാം ധൂർത്തടിക്കുന്നു എന്നാണ്. എനിക്ക് കിട്ടിയ കാശെല്ലാം കൈകാര്യം ചെയ്യുന്നത് കമ്യൂണിസ്റ്റ് പാർട്ടിയാണ്. എന്റെ പേരിലും കലക്ടറുടെ പേരിലുമായി വലിയൊരു നിക്ഷേപം ഉണ്ടെന്നാണ് അവർ പറയുന്നത്. പക്ഷെ എത്ര രൂപയാണെന്ന് പോലും എനിക്ക് അറിയില്ല. അതിന്റെ കണക്ക് ഒന്നും എനിക്ക് അറിയില്ല. ഓരോ തവണയും അവരോട് ചോദിച്ചാൽ മാത്രമേ പണം കിട്ടാറുള്ളൂ.  പുറത്ത് പക്ഷെ ആളുകൾ പറഞ്ഞുനടക്കുന്നത് രാജേശ്വരി കോടീശ്വരി എന്നാണ്. 

ഞാൻ ആകെ എടുത്തിട്ടുള്ളത് രണ്ടരലക്ഷം രൂപയാണ്. അതും എനിക്ക് വേണ്ടിയല്ല. എന്റെ മൂത്തമകൾക്ക് വേണ്ടിയാണ്. കിട്ടിയ കാശൊന്നും അവൾക്ക് കൊടുക്കുന്നില്ലെന്ന് അവൾ പരാതി പറഞ്ഞതിനെത്തുടർന്ന് ഈ തുകയ്ക്ക് സ്വർണ്ണം വാങ്ങി നൽകിയിട്ടുണ്ട്. പെരുമ്പാവൂരിലെ സ്റ്റേറ്റ് ബാങ്കിന്റെ ശാഖയിൽ നിന്നും മാസം എനിക്ക് 12,000 രൂപ കിട്ടാറുണ്ട്. അതുപയോഗിച്ചാണ് ഞാൻ ജീവിക്കുന്നത്. പനിയും ഷുഗർ ലെവലും ഉയർന്നതിനെത്തുടർന്ന് ഞാൻ ആശുപത്രിയിൽ അഡ്മിറ്റായിരുന്ന സമയത്ത് എന്റെ കാതിലും കഴുത്തിലും കിടന്നത് പണയംവച്ചിട്ടാണ് ആശുപത്രി ചിലവ് വഹിച്ചത്. ആ സമയത്ത് ഈ മൊബൈലിൽ പടം പിടിച്ച ഒരു മനുഷ്യരുപോലും തിരിഞ്ഞുനോക്കിയില്ലല്ലോ? എന്തിനാണ് എന്റെ പിറകെ നടന്ന് ഇങ്ങനെ ശല്യം ചെയ്യുന്നത്. എന്‍റെ സ്വകാര്യതയെ ദയവായി മാനിക്കൂ- രാജേശ്വരി പറയുന്നു.