കേസന്വേഷണത്തിനൊപ്പം വിവാദങ്ങളുടെ പെരുമഴയും

രാഷ്ട്രീയ വിവാദം, തിരഞ്ഞെടുപ്പു വിഷയം, അധികാരമാറ്റം, പൊലീസ് തലപ്പത്തെ അഴിച്ചുപണി–ഇതിനിടയിലാണു ജിഷാ കേസുമായി കേരള പൊലീസ് അഭിമാനകരമായ നേട്ടമുണ്ടാക്കിയത്. രണ്ടു ഡിജിപിമാരുടെ നേതൃത്വത്തിൽ രണ്ട് അന്വേഷണ സംഘങ്ങളാണു കേസ് അന്വേഷിച്ചത്. ഡിഎൻഎ അടക്കമുള്ള ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിൽ ഡിജിപി: ടി.പി. സെൻകുമാറിന്റെ സംഘവും പ്രതിയെ കണ്ടെത്തി പിടികൂടി പഴുതടച്ച കുറ്റപത്രം സമർപ്പിക്കുന്നതിൽ ഡിജിപി: ലോക്നാഥ് ബെഹ്റയുടെ സംഘവും പുലർത്തിയ അന്വേഷണ മികവിന്റെ സാക്ഷ്യമാണു കേസിന്റെ വിചാരണയിലും വിധിയിലും തെളിയുന്നത്. 

കേസന്വേഷണത്തിന്റെ പേരിൽ പൊലീസ് മേധാവികൾ തന്നെ പരസ്യ പോരാട്ടത്തിനിറങ്ങിയതു സേനയിൽ അലോസരവുമുണ്ടാക്കിയിരുന്നു. ജിഷ വധക്കേസിൽ രണ്ടാമത്തെ അന്വേഷണ സംഘം തെളിവുകൾ വേണ്ട രീതിയിൽ കൈകാര്യം ചെയ്‌തില്ലെന്നാണു സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്‌മൂലത്തിൽ സെൻകുമാർ ആരോപിച്ചത്. കേസിന്റെ അന്വേഷണത്തിൽ പാളിച്ചകളുണ്ടെന്നു വിജിലൻസ് ഡയറക്‌ടറായിരുന്ന ജേക്കബ് തോമസ് മുഖ്യമന്ത്രിക്കു നൽകിയ റിപ്പോർട്ടിലും ആരോപിച്ചിരുന്നു.

സെൻകുമാർ പൊലീസ് മേധാവിയായിരുന്നപ്പോൾ കേസ് കൈകാര്യം ചെയ്‌ത രീതിയെക്കുറിച്ചു സംസ്‌ഥാന സർക്കാരും സുപ്രീംകോടതിയിൽ ആക്ഷേപം ഉന്നയിച്ചു. വിചാരണ ഘട്ടത്തിലുള്ള കേസിനെക്കുറിച്ച് എന്തെങ്കിലും പറയാൻ തയാറാവുന്നില്ലെന്ന സുപ്രീംകോടതിയുടെ നിലപാടാണു കേസിന്റെ വിചാരണ നടപടികൾ സുഗമമാക്കിയത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ജിഷയുടെ അയൽവാസിയെ പൊലീസ് പിടികൂടിയിരുന്നു. സംസ്ഥാനത്തെ മുതിർന്ന ഫൊറൻസിക് സർജൻ അടക്കം ഇയാൾ പ്രതിയാണെന്നു വിലയിരുത്തിയിട്ടും ഡിഎൻഎ പരിശോധനാ ഫലത്തിനു വേണ്ടി കാത്തുനിന്ന സെൻകുമാറിന്റെ ഉറച്ച നിലപാടാണു നിരപരാധിയെ രക്ഷിച്ചത്. 

ഇടതുമുന്നണി അധികാരത്തിലെത്തിയതോടെ സെൻകുമാറിനെ നീക്കി. പകരം ഡിജിപിയായ ലോക്നാഥ് ബെഹ്റയാണു കൊലനടന്ന വീടിനു സമീപം കണ്ടെത്തിയ കറുത്ത ഒരു ജോഡി പ്ലാസ്റ്റിക് ചെരിപ്പുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കാൻ ആദ്യം നിർദേശിച്ചത്. മഴയത്തു പലതവണ നനഞ്ഞിട്ടും ഈ ചെരിപ്പിൽ ജിഷയുടെ രക്തത്തിന്റെ അംശം കണ്ടെത്തി. ഈ ചെരിപ്പു വാങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയെക്കുറിച്ചു വ്യാപാരി നൽകിയ വിവരങ്ങളാണു പൊലീസിനെ അമീറുൽ ഇസ്‌ലാമിലേക്കു നയിച്ചത്.