മന്ത്രിതല സംഘം കുറിഞ്ഞി ഉദ്യാനം സന്ദർശിച്ചു

മുഖ്യമന്ത്രി നിയോഗിച്ച മന്ത്രിതലസംഘം കുറിഞ്ഞി ഉദ്യാനത്തില്‍. റവന്യൂ, വനം, വൈദ്യുതി മന്ത്രിമാരാണ് ഇടുക്കിയിലെ കൊട്ടക്കമ്പൂര്‍ ഉള്‍പ്പെടെയുള്ള വിവാദഭൂമി സന്ദര്‍ശിക്കുന്നത്. കുറിഞ്ഞി ഉദ്യാനമേഖലയില്‍ നിയമപരമായ രേഖകളോടെ താമസിക്കുന്ന ആരേയും ഒഴിപ്പിക്കില്ലെന്ന് മൂന്നാറില്‍ നിന്ന് പുറപ്പെടുംമുന്‍പ് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ അറിയിച്ചു. ഇതിനൊപ്പം കുറിഞ്ഞി ഉദ്യാനത്തിന്റെ സംരക്ഷവും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞമാസം ഇരുപത്തിമൂന്നിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതിയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനം അനുസരിച്ചണ് ഇ.ചന്ദ്രശേഖരനും എം.എം.മണിയും വനംമന്ത്രി കെ.രാജുവും ഇടുക്കിയിലെ കുറിഞ്ഞി ഉദ്യാനപ്രദേശത്ത് എത്തിയത്. രാവിലെ മൂന്നാര്‍ ഗസ്റ്റ് ഹൗസില്‍ യോഗം ചേര്‍ന്ന് മന്ത്രിമാര്‍ പര്യടനത്തിന്റെ വിശദാംശങ്ങള്‍ നിശ്ചയിച്ചു. തുടര്‍ന്ന് പുറത്തിറങ്ങിയ റവന്യൂമന്ത്രി, നിയമവിരുദ്ധമായി ഭൂമി കൈവശം വയ്ക്കുന്നവരെ സഹായിക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ചു. നിയമപരമായ രേഖകളുള്ളവര്‍ പേടിക്കേണ്ടെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 

കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി ഉള്‍പ്പെടെ ഒരുകാര്യത്തിലും മന്ത്രിതലസംഘം തീരുമാനമെടുക്കില്ല. വിവരങ്ങള്‍ ശേഖരിച്ച് സര്‍ക്കാര്‍ തലത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളും.  നാളെ മേഖലയിലെ ജനപ്രതിനിധികളുമായും മന്ത്രിതലസംഘം ചര്‍ച്ചനടത്തും. കയ്യേറ്റം ഒഴിപ്പിക്കലും കുറിഞ്ഞി ഉദ്യാനത്തിന്റെ അന്തിമവിജ്ഞാപനം പുറത്തിറക്കാന്‍ കളമൊരുക്കലുമാണ് സിപിഐ മന്ത്രിമാരുടെ അജണ്ട. പ്രദേശവാസികളെ മുന്നില്‍ നിര്‍ത്തി സിപിഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന എതിര്‍പ്പുതന്നെയാകും ഇതിനുള്ള പ്രധാനവെല്ലുവിളി.