സർക്കാരിനെതിരെ തുറന്നടിച്ച് ലത്തീൻസഭ

കടലില്‍ നിന്ന് കണ്ടെത്താനുള്ളവരുടെ കണക്കില്‍ ആശയക്കുഴപ്പം തുടരുന്നതില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ലത്തീന്‍ കത്തോലിക്ക സഭ. ഇരുന്നൂറിലേറെപ്പേരെ കണ്ടെത്താനുണ്ടെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും സഭയുടെ കണക്ക് മുഖവിലക്കെടുക്കാത്തത് അപമാനമെന്നും തിരുവനന്തപുരം അതിരൂപത വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ യൂജിന്‍ പെരേര മനോരമ ന്യൂസിനോട് പറഞ്ഞു. മല്‍സ്യത്തൊഴിലാളികളുടെ വികാരം ഉള്‍ക്കൊള്ളാതെ അലംഭാവം തുടര്‍ന്നാല്‍ പ്രതിഷേധം തുടങ്ങുമെന്നും സഭ വ്യക്തമാക്കി. 

മല്‍സ്യത്തൊഴിലാളികള്‍ കടലില്‍പെട്ട് എട്ട് ദിവസമാകുമ്പോളും രക്ഷപെടുത്തേണ്ടവരുടെ കണക്കില്‍ പോലും കൃത്യതയില്ലാത്തതാണ് ലത്തീന്‍ സഭയെ ചൊടിപ്പിക്കുന്നത്. ഇനി കണ്ടെത്താനുള്ളത് തൊണ്ണൂറോളം പേരെയാണെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ ചെറിയ ബോട്ടില്‍ പോയ 106 പേരും വലിയ ബോട്ടില്‍ പോയ 140 ഓളം പേരും തിരികെയെത്താനുണ്ടെന്ന് സഭ ഉറപ്പിക്കുന്നു. സഭയുടെ കണക്കുമായി ഒത്ത് നോക്കാന്‍ പോലും സര്‍ക്കാര്‍ തയാറായില്ലെന്നും വിമര്‍ശിക്കുന്നു. 

രക്ഷാപ്രവര്‍ത്തനത്തില്‍ അമാന്തം ഇപ്പോളും തുടരുന്നൂവെന്ന് ആരോപിച്ച സഭ തൊഴിലാളികളുടെ വികാരം ഉള്‍ക്കൊണ്ടില്ലങ്കില്‍ സമരമെന്ന മുന്നറിയിപ്പും നല്‍കി.സര്‍ക്കാര്‍ പ്രഖ്യാപിച്ച ദുരിതാശ്വാസ പാക്കേജ് തൊഴിലാളികളെ കബളിപ്പിക്കാനുള്ള തന്ത്രമാണെന്ന് ആരോപിച്ച് പൂര്‍ണ അതൃപ്തിയും വ്യക്തമാക്കി.