ദിലീപിനെ തള്ളിയും ചേര്‍ത്തുപിടിച്ചും സിനിമാലോകം; ഇനി..?

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് പ്രതിക്കൂട്ടിലായത് മലയാള സിനിമാലോകത്തെ വന്‍ പ്രതിസഡന്ധിയിലേക്കാണ് എത്തിച്ചത്. അറസ്റ്റിന് തൊട്ടുമുന്‍പുവരെ ദിലീപിനെ അകമഴിഞ്ഞ് പിന്തുണച്ച സിനിമാലോകവും താരസംഘടനയും അറസ്റ്റിന് തൊട്ടുപിന്നാലെ നടനെ തള്ളിപ്പറഞ്ഞു. ഒടുവില്‍ ജാമ്യത്തിലിറങ്ങിയ ദിലീപിനെ തള്ളാനും കൊള്ളാനും വയ്യാത്ത ആശയക്കുഴപ്പത്തിലുമാണ് സിനിമാക്കാര്‍.  

പൊലീസ് 13മണിക്കൂര്‍ ചോദ്യംചെയ്ത് വിട്ടയച്ചതിന് പിന്നാലെ ദിലീപിനെ പങ്കെടുപ്പിച്ച് നടന്ന താരസംഘടനയുടെ യോഗം കൊട്ടിക്കലാശിച്ചത് കേരളം മറന്നിട്ടില്ല. ഇരക്കൊപ്പമാണെന്ന് ആവര്‍ത്തിച്ചുകൊണ്ട് ആരോപണവിധേയനുവേണ്ടി കാണിച്ച ഈ അമിതാവേശം താരങ്ങള്‍ക്ക് തിരിച്ചടിച്ചത് വളരെ പെട്ടെന്നാണ്. പിന്നെയൊരു പത്ത് ദിവസത്തിനുള്ളില്‍ ദിലീപ് പ്രതിക്കൂട്ടിലായപ്പോള്‍ ഗത്യന്തരമില്ലാതെ നിലപാട് തിരുത്തേണ്ടിവന്നു.  

െവറും ഒരുകൊല്ലം മുന്‍പ് ദിലീപ് തന്നെ തുടങ്ങിവച്ച തീയറ്ററുടമകളുടെ സംഘടനയ്ക്കും കൂടുതല്‍ ആലോചിക്കേണ്ടിവന്നില്ല.  

ജനക്കൂട്ടത്തില്‍ നിന്ന് മാത്രമായിരുന്നില്ല, അവസരം കാത്തിരുന്നവരെല്ലാം തള്ളിപ്പറയാന്‍ മുന്നോട്ടുവന്നു.  ആഘോഷകാലത്ത് ഒപ്പം നിന്ന സഹതാരങ്ങളെ ആരെയും പിന്നെ കണ്ടില്ല. റിലീസിന് തയ്യാറായിരുന്ന സിനിമയും ത്രിശങ്കുവിലായി. ഒറ്റപ്പെട്ട ചില ശബ്ദങ്ങള്‍ ദിലീപിനായി ഉയര്‍ന്നെങ്കിലും ചെവികൊടുക്കാന്‍ ആരുമുണ്ടായില്ല. 

ഒടുവില്‍ രണ്ട് മാസമെത്തിയപ്പോള്‍ അച്ഛന്റെ ശ്രാദ്ധച്ചടങ്ങിനായി അല്‍പനേരം പുറത്തിറങ്ങാനായത് കാര്യങ്ങളുടെ ഗതിമാറ്റി. തീര്‍ത്ഥാടനം പോലെ ജയിലിലേക്ക് സന്ദര്‍ശകരുടെ ‌ഒഴുക്കായി.  പിന്നെയൊരു മൂന്നാഴ്ചകൂടി, ജാമ്യംതേടി ദിലീപ് പുറത്തിറങ്ങുമ്പോള്‍ പ്രായശ്ചിത്തം പോലെ സിനിമാ കൂട്ടായ്മകള്‍ പിന്നെയും.  

ആദ്യം ദിലീപിനുവേണ്ടി കൊടിപിടിച്ചതിന്റെ ക്ഷീണംമാറാത്ത താരസംഘടനയാകട്ടെ വീണ്ടുമൊരു നിലപാടെടുക്കാന്‍ കഴിയാത്ത ആശയക്കുഴപ്പത്തില്‍ തന്നെ.