തിരുവനന്തപുരം മേയര്‍ക്കെതിരെ പട്ടികജാതി പീഡനത്തിന് കേസെടുത്തു

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷത്തിൽ മേയർ വി.കെ. പ്രശാന്ത് അടക്കമുള്ളവർക്കെതിരെ ദലിത് പീഡന വിരുദ്ധ നിയമപ്രകാരം കേസെടുത്തു. പ്രതിപക്ഷ നേതാവ് വി.ജി. ഗിരി ഉള്‍പ്പെടെ ബി.ജെ.പി അംഗങ്ങൾക്കെതിരെയും ഇതേ വകുപ്പ് പ്രകാരം കേസുണ്ട്. എന്നാൽ അറസ്റ്റോ മറ്റ് നടപടികളോ ഉടൻ ഉണ്ടാവില്ല. 

കോർപ്പറേഷനിലെ സംഘർഷം കൗൺസിലർമാരുടെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് ഘട്ടമെത്തിയതോടെയാണ് ദലിത് പീഡനമെന്ന പരാതിയുമായി ഇരുവിഭാഗവും രംഗത്തെത്തിയത്. മേയർ അടക്കമുള്ളവർ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചെന്ന് ബി.ജെ.പി കൗൺസിലർ എം.ലക്ഷമി ദേശീയ പട്ടികജാതി കമ്മീഷന് പരാതി നൽകി. ആ പരാതിയുടെ അടിസ്ഥാനത്തിലാണ് മേയർ വി.കെ.പ്രശാന്ത്, കൗൺസിലർ ഐ.പി.ബിനു, മേയറുടെ പി.എ. ജിൻരാജ് എന്നിവർക്കെതിരെ ദലിത് പീഡന വിരുദ്ധ നിയമപ്രകാരം കേസെടുത്തത്. അതേസമയം തന്നെ സി.പി.എം കൗൺസിലർമാരായ എൻ. സിന്ദുവും സത്യനും ബി.ജെ.പി അംഗങ്ങൾക്കെതിരെയും സമാന പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പ്രതിപക്ഷ നേതാവ് വി.ജി. ഗിരികുമാറടക്കം നാല് ബി.ജെ.പി കൗൺസിലർമാർക്കെതിരെയും ദലിത് പീഡന വിരുദ്ധ നിയമപ്രകാരം കേസെടുത്തു. സിറ്റി പൊലീസ് കമ്മീഷ്ണറുടെ നിർദേശപ്രകാരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. നേരത്തെ സംഘർഷത്തിൽ വധശ്രമം അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ബി.ജെ.പി അംഗങ്ങൾക്കെതിരെയും മർദനം അടക്കമുള്ള വകുപ്പുകൾ ചുമത്തി സി.പി.എം അംഗങ്ങൾക്കെതിരെയും രണ്ട് കേസുകളെടുത്തിരുന്നു. അതിന് പുറമെ ദലിത് പീഡനം ചുമത്തി പുതിയ കേസെടുത്തതോടെ അന്വേഷണം സി.ഐയിൽ നിന്ന് കന്റോൺമെന്റ് എ.സി.പി ഏറ്റെടുക്കും.