കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു

തിരുവനന്തപുരം കോർപറേഷനിൽ കൗൺസിലർമാർ തമ്മിലുണ്ടായ സംഘർഷത്തിൽ വധശ്രമം അടക്കം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. ആക്രമത്തിൽ പുറത്ത് നിന്നുള്ള വരും പങ്കെടുത്തതായി മേയർ വി.കെ. പ്രശാന്ത് മൊഴി നൽകി. ബി.ജെ.പി അംഗങ്ങളുടെ പരാതിയിൽ സി.പി. എം കൗൺസിലർമാർക്കെതിരെയും കേസെടുത്തു. 

വളഞ്ഞിട്ട് അകമിച്ചതിൽ ബി.ജെ.പി കൗൺസിലർമാർക്കൊപ്പം പുറമെ നിന്നുള്ള ബി.ജെ.പി പ്രവർത്തകരും പങ്കെടുത്തെന്നാണ് മേയറുടെ പരാതി. ചികിത്സയിലുള്ള മേയറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇരുപത് ബി.ജെ.പി കൗൺസിലർമാർക്കെതിരെയും കണ്ടാലറിയാവുന്ന ഏഴ് പേർക്കെതിരെയും കേസെടുത്തു. വധശ്രമത്തിനൊപ്പം മർദനം ,ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തലടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മേയർ അടക്കമുള്ള സി.പി.എം അംഗങ്ങൾ അക്രമിച്ചതായി ബി.ജെ.പി കൗൺസിലർമാരും പരാതി നൽകി. 

ഇതിൽ കണ്ടാലറിയാവുന്ന പത്തൊളം ഭരണപക്ഷ കൗൺസിലർമാർക്കെതിരെയും കേസുണ്ട്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് അന്വേഷിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് കൗൺസിൽ യോഗത്തിനൊടുവിലാണ് കൂട്ടത്തല്ലുണ്ടായത്. ഹൈമാസ്റ്റ് ലൈറ്റുകൾ അനുവദിക്കാൻ ഫണ്ട് അനുവദിക്കെണ്ടന്ന് കാട്ടി മേയർ എം പിമാർക്കും എം.എൽ.എമാർക്കും കത്ത് നൽകിയിരുന്നു. ഇതിനെതിരായ പ്രമേയംചർച്ച ചെയ്യണമെന്ന ബി.ജെ.പി ആവശ്യം അനുവദിക്കാത്തതിലുള്ള പ്രതിഷേധമാണ് സംഘർഷത്തിലെത്തിയത്. മേയർ വി.കെ.പ്രശാന്ത് അടക്കം രണ്ട് സി.പി.എം കൗൺസിലർമാർ മെഡിക്കൽ കോളജിലും പ്രതിപക്ഷ നേതാവ് വി.ജി. ഗിരി കുമാറടക്കം മൂന്ന് ബി.ജെ.പി കൗൺസിലർമാർ ജനറൽ ആശുപത്രിയിലും ചികിത്സയിലാണ്. ബി.ജെ.പി ഇന്ന് ജില്ലയിൽ പ്രതിഷേധ ദിനം ആചരിക്കും.