രാജ്ഭവന് മുന്നിലെ അപകടമരണം; തിരുവനന്തപുരത്ത് വേഗത നിയന്ത്രണം

അമിത വേഗം മൂലമുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം നഗരത്തിൽ പൊലീസ് പരിശോധന കർശനമാക്കുന്നു. ഇന്ന് മുതൽ രാത്രികാല വാഹനങ്ങൾക്ക് വേഗത നിയന്ത്രണം ഏർപ്പെടുത്തും. നിയമലംഘിക്കുന്നവരുടെ ലൈസൻസ് ഉടനടി റദ്ദാക്കാനും തീരുമാനം. 

അമിതവേഗത്തിലോടിയ കാറിടിച്ച് മറിഞ്ഞ് ഒരാൾ മരിച്ച അതേ സ്ഥലത്ത്.ഇരുപത്തിനാല് മണിക്കൂർ തികയുന്നതിന് മുൻപുള്ള പിറ്റേദിവസം രാത്രിയും പരസ്യമായി നിയമം ലംഘിക്കുന്ന നിരവധി കാഴ്ചകൾ കാണുവാൻ സാധിക്കും. ഇതൊരൊറ്റപ്പെട്ട നിയമലംഘനമല്ലെന്നാണ് കണക്കുകളും സാക്ഷ്യപ്പെടുത്തുന്നത്. തലസ്ഥാന റോഡിൽ ഒരു വർഷത്തിനിടെ 1800 ഓളം അപകടങ്ങളാണുണ്ടായത്. ഇന്ന് മുതൽ ഇത്തരം നിയമലംഘകരെ കയ്യോടെ പിടികൂടാൻ പ്രത്യേകസംഘങ്ങൾ നിരത്തിലിറങ്ങും. 

രാത്രികാലങ്ങളിൽ അപകടമുണ്ടാകുന്ന റോഡുകളെ പ്രത്യേക സോണുകളായി തിരിച്ച് സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കും. ബൈക്കുകളും ആഡംബരകാറുകളുമാണ് അപകടം വിതയ്ക്കുന്നതിലേറെയുമെന്നാണ് കണക്കുകൾ. അവയെ നിരീക്ഷിക്കാൻ രണ്ട് സംഘങ്ങളെയും നിയോഗിച്ചു. രാത്രി 9 മുതൽ കർശന പരിശോധനക്കാണ് നീക്കം.